heart-surgery

വാഷിംഗ്‌ടൺ: ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വിജയകരമായി മനുഷ്യനിൽ തുന്നിപ്പിടിപ്പിച്ചു. ജീവിച്ചിരിക്കുന്ന രോഗികളിൽ സ്ഥിരമായി ഇത്തരം ശസ്ത്രക്രിയകൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം നടത്തിയത്.

ജൂൺ 19നും ജൂലായ് ഒമ്പതിനും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ലാങ്കോൺസ് ടിസ്‌ക് ഹോസ്പിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. നൂറ് മൈലിലധികം ദൂരത്ത് നിന്നും ജനിതകമാറ്റം വരുത്തി എത്തിച്ച പന്നിയുടെ ഹൃദയമാണ് മസ്തിഷ്‌ക മരണം സംഭവിച്ച് വെന്റിലേറ്ററിൽ കഴിയുന്ന രോഗിയിൽ വച്ചു പിടിപ്പിച്ചത്.

മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയ കാർഡിയോളജി വകുപ്പ് മേധാവി നദർ മാവോസമിയുടെ നേതൃത്വത്തിലായിരുന്നു നടന്നത്. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചിരുന്ന അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞതായും ഡോക്ടർമാർ പറഞ്ഞു. ഹൃദയമിടിപ്പ് ഉൾപ്പെടെ സാധാരണമായി.

പുതുതായി വച്ചുപിടിപ്പിച്ച ഹൃദയത്തെ സ്വീകരിക്കാതിരിക്കാനുള്ള ശരീരത്തിന്റെ ശ്രമങ്ങളെയും നിയന്ത്രിക്കാനായത് വലിയ നേട്ടമായിട്ട് ഡോക്ടർമാർ വിലയിരുത്തി. ഇതിന് മുമ്പും ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ പത്തിലധികം തവണ ജനിതകമാറ്റം വരുത്തിയ ശേഷമാണ് പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചു പിടിപ്പിച്ചത്.

അതേസമയം, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ സാധാരണ സ്വീകരിക്കുന്ന നടപടി ക്രമങ്ങൾ തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ വിശദീകരിച്ചു.പന്നികളിലെ ചില ജീനുകൾ നിർവീര്യമാക്കിയാണ് മനുഷ്യ ശരീരത്തിലേക്ക് തുന്നി പിടിപ്പിക്കുന്നത്.

ആരോഗ്യരംഗത്ത് വലിയൊരു ചുവട്വയ്പ്പായിരിക്കും ഇതെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇതിന് മുമ്പ് പന്നിയുടെ വൃക്ക മനുഷ്യരിൽ വച്ചുപിടിപ്പിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം രോഗി മരണപ്പെടുകയായിരുന്നു.