m-t-vasudevan-nair

നിളയുടെ തീരത്ത് വർഷങ്ങൾക്കു മുന്നേ നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ, 'പാവങ്ങൾ' വാങ്ങി വായിക്കണമെന്ന് അദ്ദേഹം എന്നെ ഓർമ്മപ്പെടുത്തി. ഫ്രഞ്ച് സാഹിത്യകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന വിക്ടർ യൂഗോ രചിച്ച Les Misérables പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 'പാവങ്ങൾ'.

തങ്ങളുടെ പുസ്തകങ്ങൾ വായിക്കൂ എന്നു പറയുകയോ, കയ്യൊപ്പിട്ട കോപ്പികൾ സമ്മാനിച്ചു വായിക്കാൻ പ്രചോദിപ്പിക്കുകയോ ചെയ്യാറുള്ള എഴുത്തുകാരിൽ നിന്ന് വിഭിന്നനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർ എന്നറിഞ്ഞപ്പോൾ ആശ്ചര്യമല്ല, ആരാധനയാണ് തോന്നിയത്!

സ്വന്തം രചനകളായ 'നാലുകെട്ടും', 'അസുരവിത്തും', 'മഞ്ഞും', 'കാലവും', 'രണ്ടാമൂഴവും' മറ്റും ഞാൻ മുമ്പേ തന്നെ വായിച്ചുകാണുമെന്ന് കരുതിയതു കൊണ്ടായിരിയ്ക്കുമോ, മറ്റൊരാളുടെ സൃഷ്ടി വായിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞത്? സാദ്ധ്യതയില്ല. 'പാവങ്ങൾ' വായിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കരുതുന്നതിനാൽ തന്നെയാണ്!

m-t
എം ടി വാസുദേവൻ നായർ, വിജയ് സി എച്ച്

എം ടി വൃത്യസ്തനാണെന്നു കരുതാൻ ഈ ലേഖകന് ഇനിയുമേറെ കാരണങ്ങളുണ്ട്. പത്തുമുപ്പത്തഞ്ച് വർഷമായി അദ്ദേഹത്തെ അടുത്തറിയാം. വാസ്വേട്ടൻ എന്നു വിളിയ്ക്കാനുള്ള സ്വാതന്ത്ര്യം ആ ബാന്ധവത്തിൽ നിന്നു ലഭിച്ചതുമാണ്. ഇരുപത്തിമൂന്നാം വയസിലെഴുതിയ പ്രഥമ നോവലിന് കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ എഴുത്തുകാരൻ വേറിട്ടൊരു സർഗധനൻ!

അസന്ദിഗ്ദ്ധമായി തന്നെ പറയാം. എത്രയോ എഴുത്തുകാരുടെ സൃഷ്ടികളാൽ ശ്രേഷ്ഠമായിത്തീർന്ന മലയാള ഭാഷയിൽ, ഒരൊറ്റ വ്യക്തിയുടെ നാമത്തിലേ ഒരു പ്രത്യേക പ്രയോഗമുള്ളൂ എംടിയ്ക്കു പഠിയ്ക്കുക! മറ്റൊരു സാഹിത്യകാരനെപ്പോലെ ആകണമെന്നോ, എഴുതണമെന്നോ ഉദ്‌ബോധിപ്പിയ്ക്കുന്ന ഇതുപോലെയൊരു വാക്യം കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, നമുക്കും എംടിയ്ക്കു പഠിയ്ക്കാം!

ഗ്രിഗേറിയൻ കലണ്ടർ പ്രകാരം ജൂലൈ 15ന് അദ്ദേഹത്തിന് 89 തികയുന്നു. കർക്കടകത്തിലെ ഉത്രട്ടാതി നാളിൽ ജനിച്ച അക്ഷരശ്രീയ്ക്ക് ഇനിയുമെത്രയോ ജന്മദിനങ്ങൾ കാണാൻ അവസരമുണ്ടാകട്ടെയെന്നാണ് ആശംസ!

'ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം! നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ!'

എംടി, രണ്ടാമൂഴം