
കൊളംബോ: പ്രസിഡന്റ് ഗോതബായ രാജപക്‌സെ സ്ഥാനമൊഴിയാൻ വിസമ്മതിച്ചതോടെ പ്രതിഷേധക്കടലായി മാറിയ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ തുടരുന്നു. രാജ്യത്തിന്റെ പലയിടത്ത് നിന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടിയ സേന കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്ക് വെടി വയ്ക്കുകയും ചെയ്തിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എന്തും ചെയ്യാനുള്ള അനുമതിയാണ് ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സൈന്യത്തിന് നൽകിയിരിക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരം, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രിയുടെ വീട്, സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ എന്നിവ പ്രതിഷേധക്കാർ കൈയടക്കിയിട്ടുണ്ട്.
രാജ്യം കലാപഭൂമിയായി തുടരുമ്പോൾ പ്രസിഡന്റ് ഗോതബായ രാജപക്‌സെ പ്രാണരക്ഷാർത്ഥം അതിർത്തികൾ താണ്ടുകയാണ്. ബുധനാഴ്‌ച ഭാര്യയേയും രണ്ട് ജീവനക്കാരേയും കൂട്ടി മാലിദ്വീപിലേയ്ക്ക് പോയ ഗോതബായ അവിടുന്ന് സിംഗപ്പൂരിലേയ്ക്ക് പറന്നു. രാജപക്സെയ്ക്ക് അഭയം നൽകിയതിനെതിരെ മാലിദ്വീപിൽ പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്ക് പോകാൻ പ്രസിഡന്റ് തീരുമാനിച്ചത്.
സൗദി എയർലൈൻസ് വിമാനത്തിൽ സിംഗപ്പൂരിലേക്ക് തിരിച്ച രാജപക്‌സെ അവിടെ നിന്ന് സൗദി അറേബ്യയിലേക്ക് പറക്കുമെന്നാണ് വിവരങ്ങൾ. സൗദി എയർലൈൻ വിമാനമായ എസ്‌വി 788 ലാണ് പ്രസിഡന്റിന്റെ യാത്ര.