
കോഴിക്കോട്: നവതിയിലേക്ക് കടക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടിയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം 'ഓളവും തീരവും ' ഷൂട്ടിംഗ് സൈറ്റിൽ. ഇതിനായി ഇന്നലെ രാവിലെ തന്നെ എം.ടി കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്ന് പുറപ്പെടുകയായിരുന്നു. മകൾ അശ്വതി സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ എന്ന നിലയിൽ അവിടെയുണ്ട്. ഇന്ന് 89 വയസ്സ് തികഞ്ഞ് തൊണ്ണൂറിലേക്കു കടക്കുകയാണ് എം.ടി.
എം.ടിയുടെ തിരക്കഥയിൽ 1969ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും സിനിമ 53 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ടീം റീമേക്ക് ചെയ്യുകയാണ്. മോഹൻലാലാണ് നായകൻ. ദുർഗാകൃഷ്ണ നായികയും. മൂലമറ്റത്താണ് ഷൂട്ടിംഗ്.
ജൂലായ് 15നാണ് ജന്മദിനം. എം.ടി ഒരിക്കലും ജന്മദിനം ആഘോഷിക്കാറില്ല. എന്നാൽ ജന്മനക്ഷത്രമായ കർക്കടക മാസത്തിലെ ഉതൃട്ടാതി ദിനത്തിൽ അടുത്ത സുഹൃക്കളുമൊത്ത് സദ്യ ഉണ്ണാറുണ്ടായിരുന്നു. ജൂലായ് 19 നാണ് ഇക്കുറി ഉതൃട്ടാതി.
എം.ടിയുടെ പ്രസിദ്ധമായ 'ഒരു പിറന്നാളിന്റെ ഓർമ്മ' എന്ന കഥയിൽ കുട്ടിക്കാലത്തെ തിക്താനുഭവം വിവരിക്കുന്നുണ്ട്. മരുമക്കത്തായം നിലനിന്ന അക്കാലത്ത് പിറന്നാൾ ആഘോഷിക്കാൻ കൂടുതൽ നെല്ല് ചോദിച്ച അമ്മയുടെ മുഖത്ത് അമ്മാവൻ അടിച്ചതും അമ്മ കരഞ്ഞുകൊണ്ട് പുറത്തുവരുന്നതും നൊമ്പരത്തോടെ മാത്രമേ വായിക്കാനാവൂ. പിന്നീടുള്ള പിറന്നാളുകളിലെല്ലാം കഥയിലെ കുട്ടിക്ക് ഒരു ആഗ്രഹം മാത്രം - തന്റെ പിറന്നാൾ ദിനം ആരും അറിയരുതേ... കയ്പേറിയ ഈ ഓർമ്മകളാവാം എം.ടിയെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് പിറകോട്ട് വലിക്കുന്നത്. പിന്നീട് പണവും പ്രശസ്തിയുമെല്ലാം തേടിയെത്തിയെങ്കിലും പിറന്നാൾ ആഘോഷിക്കാൻ അദ്ദേഹത്തിന് മടിയായിരുന്നു. നവതിയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ.
1933 ജൂലായ് 15ന് നിളയുടെ തീരമായ കൂടല്ലൂരിലാണ് എം.ടിയുടെ ജനനം. കോഴിക്കോട് നഗരമായിരുന്നു കർമ്മമേഖല. എന്നാൽ തന്നെ സാഹിത്യകാരനാക്കിയത് നിളയും കൂടല്ലൂരുമാണെന്ന് അദ്ദേഹം പല സാഹിത്യവേദികളിലും പറഞ്ഞിട്ടുണ്ട്.
മലയാളത്തിൽ ആദ്യമായി ഒൗട്ട് ഡോറിൽ ചിത്രീകരിച്ച സിനിമയാണ് ഓളവും തീരവും. സന്തോഷ് ശിവനാണ് കാമറ. നെറ്റ്ഫ്ളിക്സിനായി എം.ടിയുടെ ഒമ്പത് കഥകളാണ് ഒരുങ്ങുന്നത്.