കമ്പമല (വയനാട്): ശ്രീലങ്കയിൽ ഭരണകൂടത്തിനെതിരെ ജനരോഷം ആളിപ്പടരുമ്പോൾ വയനാട്ടിലെ കമ്പമലയിൽ തേയില തോട്ടത്തിലെ പാടികളിൽ (ലയങ്ങൾ) കഴിയുന്ന ശ്രീലങ്കൻ അഭയാർത്ഥികളുടെ കണ്ണിൽ നനവൂറുകയാണ്. പിറന്ന നാടിന്റെ ദുർഗതി അവർ ഓർത്തുപോവുന്നു. പണ്ടൊരിക്കൽ ആഭ്യന്തര കലാപത്തെ തുടർന്നാണ് സ്വന്തം മണ്ണുവിട്ട് പലായനം ചെയ്യേണ്ടിവന്നത്. ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് തമിഴ്നാട്ടിലെ ധനുഷ്‌കോടി വഴി കൈയിൽ കിട്ടിയതുമായി കടൽ താണ്ടി എത്തിയവരായിരുന്നു ഇവർ. മൂന്നര പതിറ്റാണ്ടിന് മുമ്പ് മലയാള നാട്ടിൽ അഭയം തേടിയ 64 കുടുംബങ്ങളിൽ പറക്കമുറ്റാത്ത കുട്ടികളും ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1964ലെ ഇന്ത്യ–ശ്രീലങ്ക കരാർ പ്രകാരമാണ് ശ്രീലങ്കയിൽ നിന്നെത്തിയവർക്ക് കമ്പമലയിൽ താമസം ഒരുക്കിയത്.
#
ഘോരവനത്തിന് നടുവിൽ
അഭയാർത്ഥികളായി
തവിഞ്ഞാൽ പഞ്ചായത്തിലാണ് കമ്പമല. ഘോരവനമാണ് ചുറ്റും. മാവോയിസ്റ്റുകൾ ഇടയ്ക്കെത്തുന്ന പ്രദേശം. തലമുറകൾ നാലായിട്ടും കൊച്ചുകുട്ടികൾ പോലും തായ്‌മൊഴിയിലാണ് സംസാരം. 1980ൽ 25 കുടുംബവും 81ൽ 21 കുടുംബവും 83ൽ 18 കുടുംബവുമാണ് കമ്പമലയിൽ എത്തുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ വനം തെളിച്ച് തേയിലക്കൃഷി തുടങ്ങി. കേരള വനവികസന കോർപ്പറേഷന്റെ കീഴിലെ 100.67 ഹെക്ടർ സ്ഥലത്താണ് തേയിലത്തോട്ടം. ഇവിടുത്തെ തൊഴിലാളികളുടെ ജീവിതം അത്ര സുഖകരമല്ല. ശ്രീലങ്കക്കാരുടെ മക്കളെ എസ്റ്റേറ്റിൽ സ്ഥിരം തൊഴിലാളികളാക്കാത്തതിൽ അമർഷമുണ്ട്. തൊഴിൽ സമരങ്ങൾ ഏറെ നടന്നെങ്കിലും ഫലം കണ്ടില്ല. തോട്ടത്തിൽ ജോലി ചെയ്തുകൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്തതിനാൽ പലരും കൂലിപ്പണിക്ക് പോവുകയാണ്. മിക്കവർക്കും ഇടവരുമാനമായി ആടുമാടുകളുമുണ്ട്.
കാട്ടുവഴികളിലൂടെ കിലോമീറ്ററുകൾ നടന്നുവേണം കുട്ടികൾക്കു സ്‌കൂളിലെത്താൻ. കഴിഞ്ഞ പ്രളയകാലത്ത് ഏറെ നാശം സഹിച്ചു ഇക്കൂട്ടർ. തേയില തോട്ടങ്ങളിൽ തളച്ചിട്ട ജീവിതത്തിൽ നിന്ന് മോചനം ഇവർ ആഗ്രഹിക്കുന്നുണ്ട്. സർക്കാർ കനിയാത്തതിനാൽ ഇപ്പോഴും ഇവരുടെ വഴികളിൽ ഇരുളാണ്.
തമിഴ്നാട് വഴി കമ്പമലയിലേക്ക്
ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കും തിരിച്ചും ഫെറി സർവീസുണ്ടായിരുന്ന കാലത്താണ് തമിഴ് വംശജർ തമിഴ്നാട് തീരത്തേക്ക് കടൽകയറിയെത്തിയത്. 1920കളിൽ തേയില, കാപ്പി തോട്ടങ്ങളിൽ പണിയെടുപ്പിക്കാൻ ആയിരക്കണക്കിന് തമിഴരെ ബ്രിട്ടീഷുകാർ സിലോണിലേക്ക് കൊണ്ടുപോയിരുന്നു. ഇരു രാജ്യങ്ങൾക്കും സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യൻ തൊഴിലാളികൾ തിരികെ പോകണമെന്ന ആവശ്യം ശ്രീലങ്കയിൽ ഉയർന്നു. 1964ലെ ഇന്ത്യ–ശ്രീലങ്ക ഉടമ്പടിയിൽ ഇന്ത്യക്കാരായ തൊഴിലാളികളെ മടക്കിയയ്ക്കാൻ തീരുമാനമായി.
ശ്രീലങ്കയിലെ ഊവ ജില്ലയിലെ ബധുലയിൽ നിന്നുള്ള തൊഴിലാളികളെ മൂന്ന് ബാച്ചുകളായാണ് കമ്പമലയിൽ എത്തിച്ചത്.