
ജൂണിൽ 15.18% 10 ശതമാനത്തിനുമേൽ തുടരുന്നത് തുടർച്ചയായ 15-ാം മാസം
ന്യൂഡൽഹി: അവശ്യവസ്തുക്കളുടെ വില സമീപഭാവിയിലെങ്ങും താഴില്ലെന്ന സൂചനയുമായി തുടർച്ചയായ 15-ാം മാസവും മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടർന്നു. മേയിലെ 15.88 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം മൊത്തവില നാണയപ്പെരുപ്പം 15.18 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും ഭക്ഷ്യോത്പന്ന വിലനിലവാരം കുത്തനെ കൂടിയതാണ് പ്രധാന ആശങ്ക.
മേയിലെ 10.89 ശതമാനത്തിൽ നിന്ന് 12.41 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം ഭക്ഷ്യവിലപ്പെരുപ്പം കുതിച്ചത്. 2021 ജൂണിൽ മൊത്തവില നാണയപ്പെരുപ്പം 12.01 ശതമാനവും ഭക്ഷ്യവിലപ്പെരുപ്പം 3.28 ശതമാനവുമായിരുന്നു.
അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ, പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, സവാള, പഴവർഗങ്ങൾ, പാൽ, മുട്ട, മീൻ, മാംസം തുടങ്ങിയവയാണ് ഭക്ഷ്യവില സൂചികയിലുള്ളത്. പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയുടെ വിലയും കഴിഞ്ഞമാസം കൂടിയെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്കരിക്കാൻ പ്രധാനമായും മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കഴിഞ്ഞമാസം 7.04 ശതമാനത്തിൽ നിന്ന് 7.01 ശതമാനത്തിലേക്ക് നേരിയതോതിൽ താഴ്ന്നിരുന്നു. എങ്കിലും, റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ 6 ശതമാനത്തിൽ നിന്ന് ഇപ്പോഴും ബഹുദൂരം ഉയരത്തിലായതിനാൽ അടുത്തമാസത്തെ ധനനയ നിർണയയോഗത്തിലും പലിശനിരക്ക് കൂടാനാണ് സാദ്ധ്യത. കഴിഞ്ഞ രണ്ട് യോഗങ്ങളിലായി റിപ്പോനിരക്ക് റിസർവ് ബാങ്ക് 0.90 ശതമാനം കൂട്ടിയിരുന്നു.
വിലക്കുതിപ്പിന്റെ കണക്കുകൾ
മൊത്തവില നാണയപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും 2022ൽ:
ജനുവരി : 13.68% 10.4%
ഫെബ്രുവരി : 13.43% 8.19%
മാർച്ച് : 14.55% 8.06%
ഏപ്രിൽ : 15.08% 8.35%
മേയ് : 15.88% 10.89%
ജൂൺ : 15.18% 12.41%