
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കർക്കടക വാവിന് ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്നുരാവിലെ 11ന് റവന്യു, പൊതുമരാമത്ത്, പൊലീസ്, ആലുവ നഗരസഭ, കെ.എസ്.ആർ.ടി.സി തുടങ്ങിയവയുടെ യോഗം വിളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജൂലായ് 11ന് വിളിച്ച യോഗത്തിൽ ഈ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തില്ലെന്നും യോഗം പ്രഹസനമായെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിഷയം സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.
ജില്ലാ കളക്ടർ ജൂലായ് ഏഴിന് വിളിച്ചുചേർത്ത യോഗത്തിൽ ദേവസ്വം ബോർഡിന്റെ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യം ചർച്ചയായപ്പോൾ ജൂലായ് 15നകം മറ്റൊരുയോഗം വിളിക്കുമെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ദേവസ്വംബോർഡ് സ്വന്തം നിലയ്ക്ക് യോഗം വിളിച്ചത്.
നേരത്തെ ആലുവ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ബലിത്തറകൾ ലേലം ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ഇതേക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരി 17ന് കേരളകൗമുദി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നും ഹൈക്കോടതി ഇടപെട്ടത്.