terrorist

പാട്‌ന: കഴിഞ്ഞ ചൊവ്വാഴ്ച ബീഹാർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പദ്ധതിയിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് ഭീകരർ അറസ്റ്റിൽ. ജൂലായ് 11ന് കേന്ദ്ര അന്വേഷണ ഏജൻസികളും പൊലീസും ചേർന്ന് പാട്നയിലെ ഫുൽവാരി ഷെരീഫിന് സമീപം നയാ ടോലയിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ എം.ഡി. ജലാലുദ്ദീൻ, മുഹമ്മദ് അതാർ പർവേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എയും ഒരാളെക്കൂടി പിടികൂടി.

അറസ്റ്റിലായവർ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരെന്ന പേരിൽ കേരളത്തിൽ നിന്നടക്കം ആയോധന പരിശീലനം നേടിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

പ്രദേശത്ത് തീവ്രവാദ പ്രവർത്തനം നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായും 'സിമി"യുമായും ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായവർക്ക് പാകിസ്ഥാൻ, ബംഗ്ളാദേശ്, തുർക്കിയെ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

മോദിയുടെ സന്ദർശനത്തിന് 15 ദിവസം മുമ്പ് പാട്നയ്ക്കു സമീപം ഫുൽവാരി ഷെരീഫിൽ ഇവർ ആയുധ പരിശീലനം നടത്തിയിരുന്നു. മോദിയെ ലക്ഷ്യമിട്ട് ജൂലായ് ആറിനും ഏഴിനും പ്രത്യേക യോഗം ചേർന്നിരുന്നു. ഇവിടെ തീവ്രവാദ പരിശീലനത്തിനായി കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി യുവാക്കൾ പ്രദേശത്ത് എത്തുന്നതായും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രതികളുടെ ഓഫീസുകളിൽ നടന്ന പരിശോധനയിൽ '2047ഓടെ ഇന്ത്യയെ ഇസ്ളാമിക രാഷ്ട്രമാക്കി മാറ്റണം" എന്ന് തലക്കെട്ടുള്ള രേഖകളും പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ 25 ലഘുലേഖകളും കണ്ടെത്തി.

 ജലാലുദ്ദീൻ സിമിയിലും പ്രവർത്തിച്ചു

അറസ്റ്റിലായ ജലാലുദ്ദീൻ നേരത്തെ സിമിയുടെ പ്രവർത്തകനായിരുന്നുവെന്ന് ഫുൽവാരി ഷെരീഫ് എ.എസ്.പി മനീഷ്‌കുമാർ പറഞ്ഞു. മുഹമ്മദ് അതാർ പർവേശ് ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടിൽ അപരിചിതർ വന്നിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

ഇവർ ചെറുപ്പക്കാരെ വർഗീയകലാപത്തിന് പ്രേരിപ്പിക്കുകയും കത്തിയും വാളുകളും ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ വന്നിരുന്നവർ പാട്നയിലെ ഹോട്ടലുകളിൽ വ്യാജ പേരുകളിലാണ് താമസിച്ചിരുന്നതെന്നും കണ്ടെത്തി.പർവേശിന്റെ സഹോദരൻ ബോംബ് കേസ് പ്രതിയാണ്