gotabaya-rajapaksa

കൊളംബോ: ജനരോഷത്തെ തുടർന്ന് രാജ്യം വിട്ട് ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സ ഇന്നലെ സ്പീക്കർക്ക് രാജിക്കത്ത് അയച്ചു. മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ നിന്നും സിംഗപ്പൂരിലേക്ക് കടന്നതിന് പിന്നാലെയാണ് രാജി.

ഇതോടെ ഉടൻ പാർലമെന്റ് ചേരുമെന്ന് സ്പീക്കർ അറിയിച്ചു. അതേസമയം, ആക്ടിംഗ് പ്രസിഡന്റ് പദവി ഏറ്റെടുത്ത പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സർവകക്ഷി സർക്കാർ രൂപീകരിച്ച ശേഷം അധികാരമൊഴിയാമെന്ന നിലപാടിലാണ് റെനിൽ.

ഗോതബയയെയും ഭാര്യയെയും രണ്ട് അംഗരക്ഷകരെയും വഹിച്ച് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനം ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 4.47നാണ് സിംഗപ്പൂരിലെ ചാൻഗി വിമാനത്താവളത്തിലെത്തിയത്. നാലുപേരും ഇവിടെ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെത്തുമെന്നാണ് വിവരം. രാജപക്സ സ്വകാര്യ സന്ദർശനത്തിനെത്തിയതാണെന്നും അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ബുധനാഴ്ച പുലർച്ചെയാണ് ഗോതബയ ശ്രീലങ്കയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മാലിദ്വീപിലേക്ക് കടന്നത്. രാജ്യത്തേക്ക് ഗോതബയയെ പ്രവേശിപ്പിച്ചതിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷ സംഘടനകളും മറ്റും പ്രതിഷേധിച്ചിരുന്നു.

 ലങ്ക സമാധാനത്തിലേക്ക്

ബുധനാഴ്ച ജനരോഷം ആളിക്കത്തിയ ശ്രീലങ്കൻ തെരുവുകൾ ഇന്നലെ പൊതുവെ അക്രമ രഹിതമായിരുന്നു. അടിയന്തരാവസ്ഥയും കർഫ്യൂവും തുടരുകയാണ്. കൊളംബോയിൽ ഇന്ന് രാവിലെ 5 മണിന് കർഫ്യൂ അവസാനിക്കും.

കൊളംബോയിലെ പ്രസിഡന്റിന്റെ കൊട്ടാരം, സെക്രട്ടേറിയ​റ്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയവ അതിക്രമിച്ച് കൈയ്യടക്കിയിരുന്ന പ്രക്ഷോഭകാരികളിൽ ഒരുവിഭാഗം ഇന്നലെ സമാധാനപരമായി ഒഴിഞ്ഞുപോയി. പ്രധാനമന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി. പ്രക്ഷോഭകാരികളെ സമാധാനപരമായി ഒഴിപ്പിക്കാൻ സാദ്ധ്യതമായ എല്ലാ നടപടികളും സ്വീകരിക്കാൻ സുരക്ഷാസേനയോട് റെനിൽ വിക്രമസിംഗെ ഉത്തരവിട്ടിരുന്നു.

പാർലമെന്റിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറുന്നത് തടയാൻ ഇന്നലെ പാർലമെന്റിന് മുന്നിൽ സൈനിക ടാങ്കുകൾ വിന്യസിച്ചിരുന്നു. ശ്രീലങ്കയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യു.കെ, സിംഗപ്പൂർ, ബഹ്‌റൈൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകി.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

'ജീവഹാനി ഭയന്നാണ് ശ്രീലങ്കയിൽ വച്ച് ഗോതബയ രാജിവയ്ക്കാതിരുന്നത്. മാലിദ്വീപിന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുന്നു. ലങ്കയിലെ ജനങ്ങൾക്കിനി മുന്നോട്ട് പോകാം. ആശംസകൾ".

-മുഹമ്മദ് നഷീദ്, മാലിദ്വീപ് പ്രസിഡന്റ്