i2u2

 യു.എ.ഇ 200 കോടി ഡോളർ നിക്ഷേപിക്കും

 സാങ്കേതിക സഹായം നൽകാൻ ഇസ്രായേലും അമേരിക്കയും

 ഗുജറാത്തിൽ വൈദ്യുതോത്പാദന പദ്ധതിയും

ന്യൂഡൽഹി: ഇന്ത്യയിൽ 200 കോടി ഡോളർ (16,000 കോടി രൂപ) നിക്ഷേപത്തോടെ ഭക്ഷ്യപാർക്കുകൾ സ്ഥാപിക്കാൻ ഐ2യു2 ഒരുങ്ങുന്നു. ഇന്നലെ വിർച്വലായി നടന്ന 'ഐ2യു2" ഭരണത്തലവന്മാരുടെ പ്രഥമ യോഗത്തിലാണ് തീരുമാനം. ഇന്ത്യ, ഇസ്രായേൽ, യു.എസ്.എ., യു.എ.ഇ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ഐ2യു2.

ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യു.എ.ഇ പ്രസിഡന്റ് മൊഹമ്മദ് ബിൻ സയേദ് അൽ നഹ്യാൻ എന്നിവരും സംബന്ധിച്ചു.

ദക്ഷിണേഷ്യയിലും മിഡിൽ ഈസ്‌റ്റിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ സംയോജിത ഫുഡ് പാർക്കുകൾ സ്ഥാപിക്കുന്നതെന്ന് ഐ2യു2 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കർഷകർ, സംഭരണ ഏജൻസികൾ, റീട്ടെയിൽ വിതരണക്കാർ എന്നിവരെ ഒരുകുടക്കീഴിൽ കൊണ്ടുവരികയും ഇസ്രായേലിന്റെയും അമേരിക്കയുടെയും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൃഷിയും ഭക്ഷ്യസംസ്കരണവും സാദ്ധ്യമാക്കുകയുമാണ് ലക്ഷ്യം. ദീർഘകാലം ലക്ഷ്യമിട്ട്, വൈവിദ്ധ്യമായ ഭക്ഷ്യോത്‌പാദനം സാദ്ധ്യമാക്കുക, വിതരണസംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.

ഫുഡ് പാർക്കിനായി ഇന്ത്യ ഭൂമി നൽകുമ്പോൾ യു.എ.ഇ. മൂലധനവും അമേരിക്ക, ഇസ്രായേൽ എന്നിവ സാങ്കേതികസഹായം നൽകുകയുമാണ് ചെയ്യുന്നത്. ഗുജറാത്തിൽ 300 മെഗാവാട്ട് വൈദ്യുതോത്പാദന ശേഷിയുള്ള അഡ്വാൻസ്ഡ് ഹൈബ്രിഡ് റിന്യൂവബിൾ എനർജി പദ്ധതിയും സ്ഥാപിക്കും. ഇതിൽ സൗരോർജവും കാറ്റാടി പദ്ധതിയും ഉൾപ്പെടുന്നു.