kk

തിരുവനന്തപുരം : കേരളത്തിൽ ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു.

യു എ ഇയിൽ നിന്ന് കേരളത്തിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗിയ്ക്ക് പനിയും ശരീര വേദനയും വസൂരിക്ക് സമാനമായ ലക്ഷണങ്ങളുമുണ്ട്. . 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു

കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ സമ്പർക്കപട്ടികയിലുണ്ട്. . അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്

കുരങ്ങുപനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രോഗലക്ഷണങ്ങളിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും അവബോധം ഉണ്ടായിരിക്കണം. കർശന പരിശോധന വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.