
സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ പി.വി സിന്ധു, സൈന നെഹ്‌വാൾ, എച്ച്.എസ് പ്രണോയ് എന്നിവർ ക്വാർട്ടറിൽ കടന്നു. സിന്ധു വിയറ്റ്‌നാം താരം ത്യൂ ലിൻ ഗ്യുയനെ കീഴടക്കിയാണ് ക്വാർട്ടറിൽ എത്തിയത്. ലോക 52-ാം റാങ്കുകാരിയായ ഗ്യുയനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മൂന്നാം സീഡായ സിന്ധു ജയിച്ചു കയറിയത്. ആദ്യ ഗെയിമിൽ 19-21ന് ഗ്യുയനോട് അടിയറവ് പറഞ്ഞ സിന്ധു എന്നാൽ അടുത്ത രണ്ട് ഗെയിമുകൾ യഥാക്രമം 21-19, 21-18ന് സ്വന്തമാക്കി സിന്ധു ജയം പിടിച്ചെടുക്കുകയായിരുന്നു. ചൈനയുടെ ഹാൻ യ്യൂവിനെതിരെയാണ് സിന്ധുവിന്റെ ക്വാർട്ടർ പോരാട്ടം.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയ് ലോക റാങ്കിംഗിൽ നാലാമനും മൂന്നാം സീഡുമായ ചൈനീസ് തായ്‌പേയുടെ ചൗ തയിൻ ചെന്നിനെ വീണ്ടും വീഴ്ത്തിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 14-21, 22-20,21-18നാണ് പ്രണോയ്‌യുടെ ജയം. മൂന്ന് ആഴ്ചയ്ക്കിടെ ചെന്നിനെതിരെ പ്രണോയ്‌യുടെ രണ്ടാം ജയമാണിത്.
സൂപ്പർ സൈന
തുടർച്ചയായ പരിക്കുകളും ഫോം ഔട്ടും മൂലം തിരിച്ചടി നേരിടുകയായിരുന്ന സൂപ്പർ താരം സൈന നെഹ്‌വാൾ തിരിച്ചുവരവിന്റെ സൂചന നൽകി ലോക ഒമ്പതാം നമ്പർ ഹീ ബിംഗ് ജിയാവോയെ കീഴടക്കി ക്വാർട്ടറിൽ എത്തി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-19,11-21,21-17നാണ് സൈനയുടെ ജയം. കഴിഞ്ഞ മുന്ന് വർഷത്തിനിടെ കഴിഞ്ഞ വർഷം ഒർലാൻഡ മാസ്റ്റേഴ്സിൽ സെമിയിൽ എത്തിയതായിരുന്ന 32 കാരിയയായ സൈനയുടെ മികച്ച പ്രകടനം. രണ്ട് തവണ കോമൺവെൽത്ത് സ്വർണം സ്വന്തമാക്കിയിട്ടുള്ള സൈന ഇത്തവണ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തിരുന്നില്ല.