rupee

കൊച്ചി: ഡോളറിനെതിരെ തുടർച്ചയായ നാലാംദിവസവും ഇന്ത്യൻ റുപ്പി മൂല്യത്തകർച്ച നേരിട്ടു. ഇന്നലെ 9 പൈസ ഇടിഞ്ഞ് എക്കാലത്തെയും മോശം മൂല്യമായ 79.90ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരുവേള മൂല്യം സർവകാല താഴ്‌ചയായ 79.92വരെ ഇടിഞ്ഞിരുന്നു.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കൂട്ടുമെന്ന ഭീതി, ഓഹരിവിപണികളുടെ തളർച്ച, ഓഹരികളിൽ നിന്നുള്ള വിദേശ നിക്ഷേപക്കൊഴിച്ചിൽ, മറ്റ് പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ മുന്നേറ്റം എന്നിവയാണ് രൂപയെ ദുർബലമാക്കുന്നത്. ക്രൂഡോയിൽ വിലയിടിവ് ഒരുപരിധിവരെ രൂപയുടെ വീഴ്ചയെ തടഞ്ഞിട്ടുണ്ട്. ഇന്നലെ ചില കറൻസി കൺവെർട്ടർ വെബ്‌സൈറ്റുകൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 80.16 വരെ എത്തിയതായി കാട്ടിയിരുന്നു.