suzuki-katana

ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കിയുടെ ഇന്ത്യാ വിഭാഗമായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ കഴിഞ്ഞവാരം വിപണിയിലെത്തിച്ച പുത്തൻ മോഡലാണ് 'കറ്റാന'. ജാപ്പനീസ് ഭാഷയിൽ വാൾ എന്നാണ് കറ്റാനയ്ക്ക് അർത്ഥം.
സ്പോർട്ടീ ലുക്കുള്ള സ്‌റ്റാൻഡേർഡ് സ്ട്രീറ്റ് ബൈക്കായി എത്തുന്ന കറ്റാനയ്ക്ക് 13.61 ലക്ഷം രൂപയാണ് ന്യൂഡൽഹി എക്‌സ്‌ഷോറൂം വില. സുസുക്കിയുടെ ഡിസൈനർമാരുടെ കരവിരുതും വൈദഗ്ദ്ധ്യവും പൂർണമായും ഉൾക്കൊണ്ടെത്തുന്ന കറ്റാനയ്ക്ക് മെറ്റാലിക് മാറ്റ് സ്‌റ്റെല്ലർ ബ്ളൂ,​ മെറ്റാലിക് മിസ്‌റ്റീക് സിൽവർ എന്നിങ്ങനെ രണ്ട് നിറഭേദങ്ങളാണുള്ളത്.
11,​000 ആർ.പി.എമ്മിൽ 152 പി.എസ് കരുത്തുള്ളതാണ് 999 സി.സി,​ 4-സ്‌ട്രോക്ക്,​ ലിക്വിഡ്-കൂൾഡ്,​ ഡി.ഒ.എച്ച്.സി എൻജിൻ. 9,​250 ആർ.പി.എമ്മിൽ 106 എൻ.എം ആണ് പരമാവധി ടോർക്ക്.
സുരക്ഷിതവും നിയന്ത്രണ വിധേയവുമായ റൈഡിംഗ് ആസ്വാദനം നൽകാൻ സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്‌റ്റവുമായാണ് (എസ്.ഐ.ആർ.എസ്)​ കറ്റാനയുടെ വരവ്.
സുസുക്കി ട്രാക്‌ഷൻ കൺട്രോൾ സിസ്‌റ്റം,​ സുസുക്കി ഡ്രൈവ് മോഡ് സെലക്‌ടർ,​ റൈഡ് ബൈ വയർ ഇലക്‌ട്രോണിക് ത്രോട്ടിൽ സിസ്‌റ്റം,​ ലോ ആർ.പി.എം അസിസ്‌റ്റ്,​ സുസുക്കി ഈസി സ്‌റ്റാർട്ട് സിസ്‌റ്റം എന്നീ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് എസ്.ഐ.ആർ.എസ്.