rishi

ലണ്ടൻ : ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ 101 വോട്ടുകളോടെ മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിൽ. ഏറ്റവും കുറവ് വോട്ടുകൾ നേടി ഇന്ത്യൻ വംശജയായ അറ്റോണി ജനറൽ സ്യുവെല്ല ബ്രേവർമാൻ ( 27 വോട്ട് ) രണ്ടാം റൗണ്ടിൽ പുറത്തായി.

ട്രേഡ് പോളിസി മന്ത്രി പെന്നി മർഡോന്റ് 83 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ( 64 ), എം.പിയായ കെമി ബാഡെനോഷ് ( 49 ), ഹൗസ് ഒഫ് കോമൺസിലെ ഫോറിൻ അഫയേഴ്സ് കമ്മിറ്റി അദ്ധ്യക്ഷൻ ടോം ടൂഗെൻന്റാറ്റ് ( 32 ) എന്നിവരാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയ മറ്രുള്ളവ‌ർ.

രണ്ടാം റൗണ്ടിൽ യോഗ്യത നേടിയ അഞ്ച് സ്ഥാനാർത്ഥികൾക്കായി അടുത്ത റൗണ്ട് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. പാർലമെന്റിലെ 358 കൺസർവേറ്റീവ് പാർട്ടി എം.പിമാർക്കിടയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജൂലായ് 21ന് മുമ്പ് രണ്ട് സ്ഥാനാർത്ഥികൾ ശേഷിക്കുന്നത് വരെ റൗണ്ടുകളായി തിരഞ്ഞെടുപ്പ് തുടരും. ഏകദേശം 1,​60000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ അവസാന റൗണ്ട് വോട്ടിംഗിൽ പങ്കാളികളാകും. സെപ്റ്റംബർ 5ന് വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്ന വ്യക്തി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തും പ്രധാനമന്ത്രി പദത്തിലുമെത്തും.

 നേടുമോ ചരിത്രനേട്ടം ?

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് ( 42 ) ഏറെക്കുറേ ഉറപ്പിച്ച മട്ടാണ്. നിലവിൽ പെന്നി മർഡോന്റ് ആണ് ഋഷിയുടെ ശക്തയായ എതിരാളി. അവസാന റൗണ്ടിൽ ഇരുവരും എത്തുമെന്നാണ് കരുതുന്നത്. അവസാന റൗണ്ട് വോട്ടെടുപ്പ് എം.പിമാർക്ക് പുറമേ പാർട്ടി അംഗങ്ങളിലേക്കും വ്യാപിക്കുന്നതിനാൽ പോരാട്ടം കടുക്കും.

വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന ചരിത്രനേട്ടം ഋഷിയ്ക്ക് സ്വന്തമാകും. 2015ൽ റിച്മോണ്ടിൽ നിന്ന് എം.പിയായി തിരഞ്ഞെടുത്ത ഋഷിയെ 2020 ഫെബ്രുവരിയിലാണ് ധനമന്ത്രിയായി നിയമിച്ചത്. കൊവിഡ് കാലത്തുൾപ്പെടെ ഋഷി പ്രഖ്യാപിച്ച സാമ്പത്തിക നയങ്ങൾ ജനപ്രീതി ഉളവാക്കിയിരുന്നു.

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ. സതാംപ്ടണിലെ ഇന്ത്യൻ കുടുംബത്തിലാണ് ഋഷിയുടെ ജനനം. പഞ്ചാബിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് യു.കെയിലേക്കും കുടിയേറിയവരാണ് ഋഷിയുടെ മാതാപിതാക്കളുടെ കുടുംബം.