little

ന്യൂയോർക്ക് : യു.എസിലെ തെക്കൻ കാലിഫോർണിയയിലുള്ള സാന്റിയാഗോ ബർച് അക്വേറിയത്തിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകമാവുകയാണ് ലോകത്തെ ഏറ്റവും ചെറിയ പെൻഗ്വിൻ സ്പീഷീസായ ' ലിറ്റിൽ ബ്ലൂ പെൻഗ്വിനുകൾ".

ഫെയറി പെൻഗ്വിനുകളെന്നും അറിയപ്പെടുന്ന ഇവയ്ക്ക് വെറും 12 ഇഞ്ച് മാത്രമാണ് ഉയരമുള്ളത്. ഭാരം വെറും 1.4 കിലോ വരെയും. സാന്റിയാഗോ അക്വേറിയത്തിലേക്ക് ആദ്യമായാണ് ഈ ഇത്തിരിക്കുഞ്ഞൻമാരെ എത്തിക്കുന്നത്. മനോഹരമായ നീലനിറം ഇവയുടെ പ്രത്യേകതയാണ്.

ലിറ്റിൽ ബ്ലൂ പെൻഗ്വിനുകൾ കാണപ്പെടുന്ന ന്യൂസിലൻഡിനെയും ഓസ്ട്രേലിയയേയും സ്മരിപ്പിക്കുംവിധം പെൻഗ്വിനുകൾക്കായുള്ള 18,000 ഗാലൺ ജലം ഉൾക്കൊള്ളുന്ന തടാകം, മണൽത്തീരം, സസ്യങ്ങൾ തുടങ്ങിയവയോട് കൂടിയ 2,900 ചതുരശ്ര അടി വിസ്തൃതിയിലെ വിശാലമായ ആവാസ വ്യവസ്ഥയാണ് ഇവയ്ക്കായി ഒരുക്കിയിരിക്കുന്നത്.

അതേ സമയം, യു.എസിൽ ന്യൂയോർക്കിലെ ബ്രോങ്ക്സ്, ഒഹായോയിലെ സിൻസിനാറ്റി, കെന്റകിയിലെ ലൂയിസ്‌വില്ല്, ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് അക്വേറിയം എന്നീ മൃഗശാലകളിലും ലിറ്റിൽ ബ്ലൂ പെൻഗ്വിനുകളെ കാണാം.