
കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സേ രാജിവച്ചതായി റിപ്പോർട്ട്. ശ്രീലങ്കയുടെ സ്പീക്കർക്ക് ഗോട്ടബയ രാജിക്കത്ത് അയച്ചുവെന്നെ ശ്രീലങ്കൻ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട്. നിരവധി നാളുകളായി പ്രസിഡന്റ് സ്ഥാനം രാജിവക്കാൻ ഗോട്ടബയ രാജപക്സെക്കു മുന്നിൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ കഴിയുന്നത്ര അതിനെ അതിജീവിക്കാൻ ശ്രമിച്ച ഗോട്ടബയ അവസാന നിമിഷം വരെ പ്രസിഡന്റ് പദത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടർന്നാണ് രാജിതീരുമാനം.
പ്രസിഡന്റിന്റെ രാജിയെ തുടർന്ന് കൊളംബോയിൽ പ്രക്ഷോഭകരുടെ വൻ ആഹ്ളാദപ്രകടനങ്ങൾ അരങ്ങേറി. പടക്കം പൊട്ടിച്ചാണ് ഇവർ പ്രസിഡന്റിന്റെ രാജിവാർത്ത ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമാണെന്ന് പ്രതികരിച്ച പ്രതിപക്ഷ പാർട്ടികൾ ശ്രീലങ്കയിൽ സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്നും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
നേരത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെ സ്ഥാനമൊഴിയാൻ വിസമ്മതിച്ചതോടെ പ്രതിഷേധക്കടലായി മാറിയ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ മാറിയിരുന്നു. രാജ്യത്തിന്റെ പലയിടത്ത് നിന്നും മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടിയ സേന കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്ക് വെടി വയ്ക്കുകയും ചെയ്തിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എന്തും ചെയ്യാനുള്ള അനുമതിയാണ് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ സൈന്യത്തിന് നൽകിയിരിക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരം, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രിയുടെ വീട്, സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ എന്നിവ പ്രതിഷേധക്കാർ കൈയടക്കി.
രാജ്യം കലാപഭൂമിയായി തുടരുമ്പോൾ പ്രസിഡന്റ് ഗോതബായ രാജപക്‌സെ പ്രാണരക്ഷാർത്ഥം അതിർത്തികൾ താണ്ടുകയാണ്. ബുധനാഴ്‌ച ഭാര്യയേയും രണ്ട് ജീവനക്കാരേയും കൂട്ടി മാലിദ്വീപിലേയ്ക്ക് പോയ ഗോതബായ അവിടുന്ന് സിംഗപ്പൂരിലേയ്ക്ക് പറന്നു. രാജപക്സെയ്ക്ക് അഭയം നൽകിയതിനെതിരെ മാലിദ്വീപിൽ പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്ക് പോകാൻ പ്രസിഡന്റ് തീരുമാനിച്ചത്.
സൗദി എയർലൈൻസ് വിമാനത്തിൽ സിംഗപ്പൂരിലേക്ക് തിരിച്ച രാജപക്‌സെ അവിടെ നിന്ന് സൗദി അറേബ്യയിലേക്ക് പറക്കുമെന്നാണ് വിവരങ്ങൾ. സൗദി എയർലൈൻ വിമാനമായ എസ്‌വി 788 ലാണ് പ്രസിഡന്റിന്റെ യാത്ര.