neeraj-chopra

യൂജിൻ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ പുതിയ പതിപ്പിന് യു.എസ്.എയിലെ ഒറിഗനിൽ ഇന്ന് തുടക്കമാകും. 24 വരെ നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ല രണ്ടായിരത്തോളം സൂപ്പർ അത്‌ലറ്റുകൾ മാറ്റുരയ്ക്കാനിറങ്ങും. യൂജിനിലെ ഹേവാർഡ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ് മത്സരങ്ങൾ.

രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തുന്ന ടൂർണമെന്റ് കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ടോക്യോ ഒളിമ്പിക്സ് നീട്ടിവച്ചതിനെത്തുടർന്ന് ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പും ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കും ബെലറൂസിനും ചാമ്പ്യൻഷിപ്പിൽ വിലക്കുണ്ട്. അമേരിക്ക വേദിയാകുന്ന ആദ്യ ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പാണിത്. ലോക ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഇന്ത്യയ്ക്ക് കിട്ടിയ ഒരേയൊരു മെഡൽ മലയാളി ലോംഗ്‌ജമ്പ് താരം അഞ്ജു ബോബി ജോർജ്ജ് സമ്മാനിച്ചതാണ്. 2003ലെ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ജു 6.70 മീറ്റർ ചാടിയാണ് വെങ്കലം നേടിയത്.

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ജാവലിൻ സെൻസേഷൻ നീരജ് ചോപ്ര, മലയാളി ലോംഗ് ജമ്പ് താരം ശ്രീശങ്കർ ഉൾപ്പെടെ ഇത്തവണ മെഡൽ നേടാൻ കഴിവുള്ള നിരവധിത്താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്. ശ്രീശങ്കറിന്റെ ലോംഗ് ജന്പ് ക്വാളിഫിക്കേഷൻ റൗണ്ട് ഇന്നാണ്.ജെസ്വിൻ ആൽഡ്രിൻ, വൈ. മുഹമ്മദ് അനീസ് എന്നിവരും ലോംഗ് ജമ്പിൽ ഇറങ്ങുന്നുണ്ട്.23 അംഗ ഇന്ത്യൻ ടീമിൽ എട്ട് പേർ മലയാളികളാണ്. ടീമിന്റെ ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായരും ഡെപ്യൂട്ടി ചീഫ് കോച്ച് എം.കെ രാജ്മോഹനും മലയാളികളാണ്.

ടീമിലെ മലയാളിത്തിളക്കങ്ങൾ

എം.ശ്രീശങ്കർ, വൈ.മുഹമ്മദ് അനീസ് (ലോങ്ജംപ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ട്രിപ്പിൾ ജംപ്), എം.പി.ജാബിർ (400മീ. ഹർഡിൽസ്) എന്നിവർക്കു പുറമേ നോഹ നിർമൽ ടോം, വൈ.മുഹമ്മദ് അനസ്, മുഹമ്മദ് അജ്‍മൽ എന്നിവർ പുരുഷ റിലേ ടീമിലും അംഗങ്ങളാണ്.