
ഫ്ലോറിഡ : യു.എസിലെ കൊളറാഡോയിൽ സൈക്കിൾ ചവിട്ടുന്നതിനിടെ ഉഗ്രവിഷമുള്ള റാറ്റിൽ സ്നേക്കിന്റെ കടിയേറ്റ ആറുവയസുകാരന് ദാരുണാന്ത്യം. ജൂലായ് 5നായിരുന്നു സംഭവം. ബ്ലൂസ്റ്റെം പ്രയറി ഓപ്പൺ സ്പേസ് പാർക്കിൽ പിതാവിനും സഹോദരിയ്ക്കുമൊപ്പം എത്തിയതായിരുന്നു സൈമൺ കുറാറ്റ്. സൈക്കിൾ ചവിട്ടുന്നതിനിടെ ഇടയ്ക്ക് ഇറങ്ങി തിരിച്ച് സൈക്കിളിനടുത്തേക്ക് നടക്കവെയാണ് പാമ്പിന്റെ കടിയേറ്റത്. ആശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകിയെങ്കിലും കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
യു.എസിൽ കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ റാറ്റിൽ സ്നേക്കുകളുള്ളത്. ഏകദേശം മുപ്പതിലേറെ സ്പീഷിസിലുള്ള റാറ്റിൽ സ്നേക്കുകളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. റാറ്റിൽ സ്നേക്ക് തങ്ങളുടെ വാലിന്റെ അറ്റം ചലിപ്പിക്കുമ്പോൾ ഒരു പ്രത്യേക ശബ്ദം ഉണ്ടാകുന്നു. ഇവയ്ക്ക് ഇങ്ങനെയൊരു പേര് ലഭിക്കാൻ കാരണമതാണ്.
അപായ സൂചന ലഭിക്കുമ്പോൾ ഇവ വാൽ ചലിപ്പിച്ച് ഇങ്ങനെ ശബ്ദമുണ്ടാക്കാറുണ്ട്. എലികൾ മുതൽ പക്ഷികളെ വരെ അകത്താക്കുന്ന റാറ്റിൽ സ്നേക്കുകൾക്ക് ഉഗ്രവിഷമാണുള്ളത്. അണലികളുടെ കുടുംബത്തിൽപ്പെടുന്ന റാറ്റിൽ സ്നേക്ക് അമേരിക്കൻ വൻകരയിലാണ് കാണപ്പെടുന്നത്. റാറ്റിൽ സ്നേക്കിന്റെ കടിയേറ്റാൽ ശരീരം തളർന്ന് ചലനശേഷി നഷ്ടമാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.
കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ മരണം സംഭവിക്കാം. ആറടിയോളം വരെ റാറ്റിൽ സ്നേക്കുകൾ നീളംവയ്ക്കാറുണ്ട്. റാറ്റിൽ സ്നേക്കുകളുടെ കൂട്ടത്തിൽ വെസ്റ്റേൺ ഡയമണ്ട്‌ബാക്ക് റാറ്റിൽ സ്നേക്ക്, ഡയമണ്ട് ബ്ലാക്ക് റാറ്റിൽ സ്നേക്ക്, ടൈഗർ റാറ്റിൽ സ്നേക്ക് തുടങ്ങിയവയ്ക്ക് വീര്യമേറിയ വിഷമാണ്.
ചൂട് കാലാവസ്ഥയിൽ റാറ്റിൽ സ്നേക്കുകളെ വ്യാപകമായി കാണാറുണ്ട്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് കണ്ടാൽ മാത്രമേ ഇവ മനുഷ്യനെ കടിക്കുകയുള്ളു.