
തിരുവനന്തപുരം : മിസ്റ്റർ ഏഷ്യാ പട്ടം ഇന്ത്യൻ മണ്ണിലേക്ക് കൊണ്ടുവരാനുള്ള പണിപ്പുരയിലാണ് 59കാരനായ കൊല്ലം സ്വദേശിയായ ബോഡി ബിൽഡർ എ.സുരേഷ് കുമാർ. 2020 - 21 ൽ പോണ്ടിച്ചേരിയിൽ നടന്ന മത്സരത്തിൽ മിസ്റ്റർ ഇന്ത്യയായ സുരേഷ് കുമാർ 21 വരെ മാലിദ്വീപിൽ നടക്കുന്ന മിസ്റ്റർ ഏഷ്യ ചാമ്പ്യൻഷിപ്പിലാണ് മത്സരിക്കുന്നത്.
1987 ൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടറായതിനു ശേഷം മിസ്റ്റർ ഇരവിപുരം, മിസ്റ്റർ കൊല്ലം,മിസ്റ്റർ കേരള എന്നീ പട്ടങ്ങൾ നേടിയ സുരേഷ് കുമാർ 2020 ൽ ഇൻസ്പെകടറായി വിരമിച്ച ശേഷമാണ് മിസ്റ്റർ ഇന്ത്യയാകുന്നുത്. സാധാരണ ദിവസേന 2 മണിക്കൂർ ജിമ്മിൽ ചിലവഴിക്കുന്ന സുരേഷ് മത്സരം അടുക്കുന്നതോടെ ദിവസവും 6 മണിക്കൂർ വർക്കൗട്ട് ചെയ്യുന്നതിനൊപ്പം 40 മുട്ടയുടെ വെള്ളയും മുക്കാൽ കിലോ കോഴി ഇറച്ചിയും കഴിക്കും.
തുടക്കക്കാലത്ത് കനമുള്ള ഇരുമ്പ് കമ്പികൾ മാത്രമായിരുന്നു വർക്കൗട്ട് ചെയ്യാനായി ലഭിച്ചിരുന്നത്. ആ സമയത്തു കൂടെ വന്ന സുഹൃത്തുക്കൾ പിൻവലിഞ്ഞെങ്കിലും സുരേഷ് പിന്മാറിയില്ല. 1985 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ജിമ്മുകളും ഉപകരണങ്ങളും വർക്കൗട്ട് രീതികളും വലിയ രീതിയിൽ മാറിയതായും കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ബോഡി ബിൽഡിംഗ് മേഖലയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിച്ചതായും സുരേഷ് പറയുന്നു. കൊവിഡ് കാലത്തും കൂടെയുള്ള സുഹൃത്തുക്കളുമായി അകലം പാലിച്ചു വർക്കൗട്ട് ചെയ്തിരുന്നു.
ഭാര്യ മിനിയും മക്കളായ അനന്തകൃഷ്ണനും ശ്രുതിയും വലിയ പിന്തുണയാണ് നൽകുന്നത്. അച്ഛന്റെ പാത പിന്തുടർന്ന മകൻ ദുബായിൽ ബോഡി ബിൽഡിംഗ് ട്രെയിനറാണ്.കൃത്യമായ പരിശീലനവും വിട്ടുവീഴച്ചയില്ലാത്ത ആഹാരക്രമവുമാണ് സുരേഷ് കുമാറിന്റെ ആരോഗ്യ രഹസ്യം. ബോഡി ബിൽഡിംഗിലേക്ക് കടന്നുവരുന്നവർക്ക് പ്രചേദനാമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.