sheeba

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയിൽ വിവാഹ വാഗ്ദാനം നൽകി പറ്റിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കാമുകി അറസ്റ്റിൽ. നാഗർകോവിൽ വടശേരി സ്വദേശി രതീഷ് കുമാറിനെ (35) കൊലപ്പെടുത്തിയ മണവാളക്കുറിച്ചി സ്വദേശി മോഹന്റെ ഭാര്യ ഷീബയെയാണ് (37) പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനായ രതീഷ് കുമാർ വർഷങ്ങൾക്കുമുമ്പ് ജോലിക്കായി ആരുവാമൊഴിയിലെ ഇ.എസ്.ഐ ആശുപത്രിയിലെത്തിയപ്പോഴാണ് മരുന്നുവാങ്ങാനെത്തിയ ഷീബയുമായി അടുപ്പത്തിലായത്. 2017ൽ രതീഷ് കുമാർ ഷീബയെ ശല്യപ്പെടുത്തുന്നതായി ഭർത്താവ് മോഹൻ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഷീബ ഇക്കാര്യം നിഷേധിച്ചതോടെ പൊലീസ് രതീഷ് കുമാറിനെ വെറുതെവിട്ടു. മോഹനെ ഡിവോഴ്സ് ചെയ്‌താൽ വിവാഹം ചെയ്യാമെന്ന് രതീഷ് കുമാർ പറഞ്ഞതിനെ തുടർന്ന് ഷീബ ബന്ധംപിരിഞ്ഞു. എന്നാൽ കുറച്ചുനാൾ മുമ്പ് രതീഷ് കുമാർ മറ്റൊരു യുവതിയെ വിവാഹം കഴിച്ചശേഷം ഷീബയോടുള്ള അടുപ്പം അവസാനിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്‌ച ജന്മദിനമായതിനാൽ ഉച്ചഭക്ഷണം താൻ കൊണ്ടുവരാമെന്നും ഒരുമിച്ച് കഴിക്കാമെന്നും ഷീബ രതീഷ് കുമാറിനോട് പറഞ്ഞു.

ചോറിൽ ഉറക്കഗുളിക പൊടിച്ച് ചേർത്ത ഷീബ ആരുവാമൊഴി ഇ.എസ്.ഐ ആശുപത്രിയിലെത്തി ഭക്ഷണം രതീഷ് കുമാറിന് നൽകി. ഭക്ഷണം കഴിച്ച രതീഷ് ബോധരഹിതനായപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് 30 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം ഷീബ പൊലീസിനെ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റിനായി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.