suicide-case

ന്യൂഡൽഹി: പതിനാല് തവണ ഗർഭച്ഛിദ്രത്തിന് വിധേയായ യുവതി ജീവനൊടുക്കി. തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്താണ് സംഭവം. ഭർത്താവുമായി അകന്നുകഴിയുന്ന മുപ്പത്തിമൂന്നുകാരിയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മുപ്പത്തിമൂന്നുകാരി സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളുമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദ്ധാനം നൽകി ഇയാൾ പല തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്. പതിനാല് തവണ നിർബന്ധിച്ച് അബോർഷൻ ചെയ്യിപ്പിച്ചു. ഒടുവിൽ യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചെന്നും ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

യുവതിയെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിമൂന്നുകാരിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി യുവതി ഭർത്താവുമായി അകന്ന് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.