
ഒട്ടാവ: 1985ലെ എയർ ഇന്ത്യാ ബോംബ് സ്ഫോടനക്കേസിൽ ആരോപണവിധേയനായിരുന്ന റിപുധമൻ സിംഗ് മാലിക് കാനഡയിൽ വെടിയേറ്റ് മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൊവറിൽ ഇന്നലെയുണ്ടായ ആക്രമണത്തിലാണ് റിപുധമൻ സിംഗ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ഒൻപതരയോടെ സ്വന്തം ബിസിനസ് സ്ഥാപനത്തിനരികിൽവച്ച് ആക്രമിക്കപ്പെടുകയായിരുന്നു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സിഖ് വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്നു സിംഗ്.1985 ജൂൺ 23ന് അയർലൻഡിൽ നടന്ന എയർഇന്ത്യ 182 വിമാന സ്ഫോടനത്തിൽ 329 യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ 331 പേരാണ് കൊല്ലപ്പെട്ടത്. മോൺട്രിയൽ- ലണ്ടൺ- ഡൽഹി- മുംബയ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന വിമാനം ഐറിഷ് തീരപ്രദേശത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
പഞ്ചാപ് കലാപം രൂക്ഷമായിരുന്ന സമയത്തായിരുന്നു എയർ ഇന്ത്യ സ്ഫോടനം നടന്നത്. ഇന്ത്യൻ സൈന്യം അമൃത്‌സറിലെ സുവർണക്ഷേത്രം ആക്രമിച്ചതിന്റെ പ്രതികാരമായിരുന്നു ആക്രമണം എന്നും റിപ്പോർട്ടുകളുണ്ട്. ഐറിഷ് ആക്രമണം നടന്ന സമയത്ത് തന്നെ ജപ്പാനിലെ നരിറ്റ വിമാനത്താവളത്തിൽ മറ്റൊരു ബോംബാക്രമണത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് കയറ്റുകയായിരുന്ന രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ രണ്ട് സ്യൂട്ട്‌കേസ് ബോംബുകളും സിഖ് കുടിയേറ്റ ജനത വസിക്കുന്ന വാൻകൊവറിൽ നിന്ന് കണ്ടെത്തിയി.
ഇന്ദർജിത് സിംഗ് റിയാത്ത് എന്നയാൾ മാത്രമാണ് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബോംബുകൾ നിർമ്മിച്ചതിനും സഹ തീവ്രവാദികളുടെ വിചാരണയിൽ നുണ പറഞ്ഞതിനുമായിരുന്നു ഇന്ദർജിത്തിനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. റിപുധമൻ സിംഗ് മാലികും അജൈബ് സിംഗ് ബാഗ്രിയുമായിരുന്നു മറ്റ് രണ്ടുപേർ. എന്നാൽ മതിയായ തെളിവില്ലെന്ന് വിലയിരുത്തിയ കോടതി 2005ൽ ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. രണ്ട് പതിറ്റാണ്ട് ജയിലിൽ കഴിഞ്ഞതിന് ശേഷം 2016ലാണ് റിയാത്ത് പരോളിൽ പുറത്തിറങ്ങിയത്. തന്റെ പേര് ബ്ളാക്ക് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ 2019 ഡിസംബറിൽ റിപുധമൻ സിംഗ് മാലിക് ഇന്ത്യ സന്ദർശിച്ചിരുന്നു.