ksrtc

ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമൽ (19) നെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. പുതിയ ബൈക്ക് വാങ്ങി നൽകണമെന്ന ആവശ്യം വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്ന് ബന്ധുവിന്റെ ബൈക്കുമായി ആരോമൽ വാഗമണ്ണിലെത്തുകയായിരുന്നു. ഇന്നലെ രാവിലെ തീക്കോയി ഈരാറ്റുപേട്ട റൂട്ടിലാണ് സംഭവം.

കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ പോയ യുവാവ് ബൈക്കിന്റെ മുൻചക്രം ഉയർത്തി ഓടിച്ചാണ് അഭ്യാസം കാട്ടിയത്. പലതവണ ഇത് ആവർത്തിക്കുകയും ചെയ്തു. ബസിന്റെ മുന്നിൽ ബൈക്ക് വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ബസ് യാത്രക്കാരിലൊരാൾ പറഞ്ഞു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി വിഷ്ണുഎന്നിവർ ചേർന്നാണ് യുവാവിനെ പിടികൂടിയത്.