rsspfi

പാട്‌ന: പോപ്പുലർ ഫ്രണ്ടിന്റെ പരിശീലനത്തോട് ആർഎസ്‌എസിന്റെ പരിശീലനത്തെ താരതമ്യപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രതികരിച്ച് ബിജെപി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവി ശങ്കർ പ്രസാദാണ് പാട്ന സീനിയർ സൂപ്രണ്ട് മൻവജിത്ത് ധില്ലന്റെ പ്രസ്‌താവനയെ അപലപിച്ചത്. 'പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരിശീലനത്തെ ആർഎസ്‌എസുമായി താരതമ്യം ചെയ്യുന്ന എസ്‌എസ്‌പിയുടെ പ്രസ്‌താവന നിരുത്തരവാദപരവും നീചവുമാണ്. സംഘം പോലെ ദേശീയ സംഘടനയുടെ പ്രവർത്തനത്തെ പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അത് ശക്തമായി അപലപിക്കുന്നു.' രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്‌തു. എസ്‌പിയുടെ പ്രസ്‌താവന ബിഹാർ പൊലീസ് ഉന്നതവൃത്തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി ഉടനുണ്ടാകുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

രാജ്യതാൽപര്യങ്ങൾക്ക് വേണ്ടി സത്യസന്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്‌എസെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രവിശങ്കർ പ്രസാദിന് പുറമേ നിരവധി ബിജെപി നേതാക്കൾ പാട്ന എസ്‌എസ്‌പിയുടെ പ്രസ്‌താവനയോട് പ്രതികരിച്ചു. വ്യാഴാഴ്‌ച പത്രസമ്മേളനത്തിനിടെയാണ് പാട്ന എസ്എസ്‌പി മൻവജിത്ത് സിംഗ് ധില്ലൻ ആർഎസ്‌എസിനെതിരെ വിവാദ പ്രസ്‌താവന നടത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പരിശീലനത്തിൽ യുവാക്കളെ അണിനിരത്തുന്നതായും അവരെ തീവ്രവാദികളാക്കുന്നതായുമാണ് പാട്ന എസ്‌എസ്‌പി പറഞ്ഞത്. ഇത് ആർ‌എസ്‌എസിന്റെ ശാഖപോലെയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.