ksebl

'എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവില്ല"

ഈ പഴഞ്ചൊല്ല് സംസ്ഥാന വൈദ്യുതി ബോർഡിന് എന്തുകൊണ്ടും ഇണങ്ങും. ബോർഡിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും ശോഭനമായൊരു സാമ്പത്തിക നിലയിലേക്ക് എത്തിക്കാനും വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും ബോർഡ് ചെയർമാനും സി.എം.ഡിയും ആയിരുന്ന ബി.അശോകും ചേർന്ന് ശ്രമിച്ചിരുന്നു. ബോർഡിനെ നശിപ്പിക്കുന്ന യൂണിയൻ നേതാക്കളെ ഒതുക്കിയെന്ന തോന്നലും ഉളവാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് ചെയർമാൻ ബി.അശോകിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച മന്ത്രിസഭാ യോഗത്തിലുണ്ടായത്. പുതിയ ചെയർമാനായി രാജൻ ഖൊബ്രഗഡെയെ നിയമിക്കുകയും ചെയ്തു.

ചെയർമാനായി ഒരു വർഷം തികയും മുമ്പേയാണ് അശോകിന്റെ മാറ്റം. ബോർഡിനെ അടക്കിഭരിക്കുന്ന ഇടത് യൂണിയനുമായി നിലനിന്ന തർക്കത്തിൽ അശോകിനെ മാറ്റാൻ നേരത്തെ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളുമായി കടുത്ത ശീതസമരത്തിലായിരുന്ന അശോകിന്റെ പല നടപടികളും യൂണിയന്റെ കടുത്ത ശത്രുതയ്‌ക്ക് കാരണമായിരുന്നു. സി.പി.എം, സി.ഐ.ടി.യു നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചനയെങ്കിലും സർക്കാരിന്റെ സ്വാഭാവികമായ നടപടിക്രമം മാത്രമെന്നാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി ന്യായീകരിച്ചത്. പാർട്ടിയും ട്രേഡ് യൂണിയനുകളും തീരുമാനിക്കുന്നതല്ലാതെ സംസ്ഥാനത്ത് ഒന്നും നടക്കാറില്ലാത്തതിനാൽ അശോകിന്റെ മാറ്റത്തിൽ അത്ഭുതപ്പെടേണ്ടതില്ല.

വൈദ്യുതി നിരക്കെന്ന

തീവെട്ടിക്കൊള്ള

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വൈദ്യുതിനിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് വൈദ്യുതിനിരക്ക് കുത്തനെ വർദ്ധിപ്പിച്ചത്. ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. മറ്റു പല സംസ്ഥാനങ്ങളിലും പാവപ്പെട്ടവർക്ക് നിശ്ചിത യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമ്പോൾ കേരളം ഒരു സൗജന്യവും നൽകുന്നില്ലെന്ന് മാത്രമല്ല കൊള്ളനിരക്കും ഈടാക്കുന്നു. തമിഴ്നാട്ടിൽ ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. കേരളത്തിൽ ഒരാൾ പ്രതിമാസം 500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ടുമാസത്തേക്ക് 8772 രൂപ നൽകണം. തമിഴ്നാട്ടിൽ ഇത്രയും വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് നൽകേണ്ടത് വെറും 2360 രൂപയാണെന്ന് 'കേരളകൗമുദി"യാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്. സ്ലാബ് സിസ്റ്റം എന്ന തട്ടിപ്പിലൂടെയാണ് സംസ്ഥാനത്ത് വൈദ്യുതിക്ക് കൊള്ളനിരക്ക് ഈടാക്കുന്നത്. ഇത്രയൊക്കെ ഈടാക്കിയിട്ടും ബോർഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പോലും മുടങ്ങുന്ന സ്ഥിതിയിലെത്തി എന്നത് ആരെയും അമ്പരപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനകം ബോർഡ് ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ 10 വർഷമായി പ്രതിവർഷം 1200 കോടിയിലേറെ രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി ലഭിച്ചിട്ടും കമ്പനി 2500 കോടി രൂപയുടെ നഷ്ടത്തിലാണ്. ഇതിനു പുറമേയാണ് 14600 കോടി രൂപ സഞ്ചിത നഷ്ടവും 11000 കോടിയോളം കടബാദ്ധ്യതയും. 2020- 21 മുതൽ 2021- 23 വരെയുള്ള ബഡ്ജറ്റുകളിലെ കണക്കുപ്രകാരം 4071.10 കോടി രൂപ ശമ്പള ഇനത്തിലും 610 കോടി രൂപ പെൻഷൻ ട്രസ്റ്റിലെ നിക്ഷേപപലിശ ഇനത്തിലും ചെലവാകും. 15,600 കോടി രൂപയാണ് പ്രതിവർഷ വൈദ്യുതി വിറ്റുവരവ്. 4700 കോടിയാണ് റവന്യൂ ചെലവ്. വരവിന്റെ 65 ശതമാനം പുറമേനിന്ന് വൈദ്യുതി വാങ്ങാനാണ് വിനിയോഗിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോൾ വിലയുടെ രണ്ട് രൂപയോളം ജീവനക്കാരുടെ ശമ്പളത്തിനായി ചെലവാകുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാന വൈദ്യുതി ബോർഡ് 10 ശതമാനം വരെ കൂടുതൽ തുക ശമ്പളം നൽകാനായി ചെലവഴിക്കുന്നു. ഈ സാമ്പത്തിക ബാദ്ധ്യതയെല്ലാം ഉപഭോക്താവിന്റെ കീശയിൽ നിന്നെടുക്കുകയല്ലാതെ മറ്റു മാർഗമില്ല. ഇതിനായി ഓരോ വർഷവും കടം വാങ്ങുന്നത് വേറെ. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായി ബോർഡ് 1417 കോടിയുടെ ലാഭമുണ്ടാക്കി മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടും അശോകിനെ മാറ്റിയത് എന്തിനെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ബോർഡിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിന് ഇടങ്കോലിടാനെത്തിയ യൂണിയൻ നേതാക്കളെ പലയിടത്തേക്ക് സ്ഥലം മാറ്റി. ബോർഡ് ആസ്ഥാനത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളെ യൂണിയനുകൾ പല്ലും നഖവും ഉപയോഗിച്ച് എതിർത്തെങ്കിലും അശോക് നിലപാടിൽ ഉറച്ചുനിന്നു. വിവാദങ്ങളെല്ലാം കെട്ടടങ്ങി ബോർഡിൽ സമാധാനാന്തരീക്ഷം കൈവന്നുവെന്ന തോന്നലിനിടെയാണ് വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടിയത്. ഇന്ത്യയിൽ തന്നെ ഏറ്റവമധികം നിരക്ക് ഈടാക്കുന്ന കേരളത്തിൽ പിന്നെയും നിരക്ക് വർദ്ധിപ്പിച്ചെങ്കിലും അതിനെതിരെ എങ്ങു നിന്നും കാര്യമായൊരു പ്രതിഷേധവും ഉയർന്നില്ല. നിരക്ക് വർദ്ധിപ്പിച്ചതിനു പിന്നാലെ വർദ്ധനവിന് ആനുപാതികമായി ഡെപ്പോസിറ്റ് തുകയും ഉപഭോക്താക്കൾ നൽകേണ്ടിവരും. കോൺഗ്രസുകാർ വൈദ്യുതി ബോർഡ് ഓഫീസുകളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയെന്നത് ഒഴികെ കേരളത്തിലെ ജനങ്ങൾ മൗന പ്രതിഷേധത്തോടെയാണ് നിരക്ക് വർദ്ധനവ് ഏറ്റുവാങ്ങിയത്. ഇത്രയധികം നിരക്ക് വർദ്ധിപ്പിച്ചിട്ടും ബോർഡിന്റെ സാമ്പത്തികപ്രതിസന്ധി വരുംനാളുകളിൽ ഇനിയും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്. അതായത് അതിന്റെ ഭാരവും ഏൽക്കേണ്ടി വരുന്നത് പാവം ഉപഭോക്താക്കളായിരിക്കുമെന്ന് സാരം. ബോർഡ് ചെയർമാനായി ആര് വന്നാലും ബോർഡിലെ ജീവനക്കാർ അമിതമായി വാങ്ങുന്ന ശമ്പളത്തിന് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇരുട്ടടികൾ ഏറ്റുവാങ്ങാൻ ഉപഭോക്താക്കളുടെ ജീവിതം പിന്നെയും ബാക്കി.