
ന്യൂഡൽഹി:റഷ്യയിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ അമേരിക്കൻ ഉപരോധം ഉണ്ടാകില്ലെന്ന് ഉറപ്പായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിലെ (എൻഡിഎഎ) ഭേദഗതിക്ക് അംഗീകാരം നൽകിയതോടെയാണ് ഉപരോധങ്ങളിൽ നിന്നുള്ള ഇളവിന് വഴിയാെരുങ്ങുന്നത്. ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം റോ ഖന്നയുടെ ഭേദഗതിക്ക് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് വ്യാഴാഴ്ച അംഗീകാരം നൽകുകയായിരുന്നു.ശബ്ദവോട്ടോടെയാണ് ഭേദഗതി പാസാക്കിയത്.
കൗണ്ടറിംഗ് അമേരിക്കാസ് അഡ്‌വേഴ്‌സറീസ് ത്രൂ സാംഗ്ക്ഷൻസ് ആക്ട് (കാറ്റ്‌സ,CAATSA ) പ്രകാരം ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക നേരത്തേ നീക്കം നടത്തിയത്. വ്യോമ പ്രതിരോധന സംവിധാനം വാങ്ങിയതിനൊപ്പം റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ യു.എൻ വോട്ടെടുപ്പിൽ നിന്ന് ബുധനാഴ്ച ഇന്ത്യ വിട്ടുനിന്നതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ഉപരോധം ഏർപ്പെടുത്തിയേക്കും എന്ന ആശങ്ക കനത്തത്. റഷ്യയുമായി ഇടപഴകുന്ന രാജ്യങ്ങളെ, പ്രത്യേകിച്ച് പ്രതിരോധ മേഖലയിലെ ആയുധങ്ങൾ വാങ്ങുന്നവരെ, ശിക്ഷാ നടപടികളിലൂടെ തടയുന്നതാണ് 'കാറ്റ്‌സ'. റഷ്യയിൽ നിന്ന് എസ് -400 സംവിധാനം ഏറ്റെടുത്തതിന് നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് മേൽ ഈ നിയമപ്രകാരം ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഭേദഗതി അംഗീകരിക്കപ്പെട്ടതോടെ അമേരിക്കയുടെയും ഇന്ത്യയുടെയും പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് റോ ഖന്ന പറയുന്നത്. “ചൈനയിൽ നിന്നുള്ള ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കണം. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ ചൈനീസ് അതിർത്തിയിൽ ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും ഞാൻ പ്രവർത്തിക്കുന്നു'-ഖന്ന പറഞ്ഞു. ഇന്ത്യ അതിന്റെ ദേശീയ പ്രതിരോധത്തിനായി റഷ്യൻ നിർമ്മിത ആയുധങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ഇന്ത്യയുടെ അടിയന്തര പ്രതിരോധ ആവശ്യങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നതിനൊപ്പം റഷ്യൻ നിർമ്മിത ആയുധങ്ങളിൽ നിന്നും പ്രതിരോധ സംവിധാനങ്ങളിൽ നിന്നും ഇന്ത്യയുടെ പരിവർത്തനം വേഗത്തിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ അമേരിക്ക കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.