vijayan

തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ രമയ്‌ക്കെതിരെ മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എം.എം മണി സഭയിൽ പറഞ്ഞ അഭിപ്രായം വലിയ വിവാദമായിരുന്നു. മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയിൽ ബഹളം സൃഷ്‌ടിക്കുകയും ചെയ്‌തു. ഇതിനിടെ മണിയുടെ പ്രസ്‌താവനയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് സിപിഐ നേതാക്കൾ.

എം.എം മണിയുടെ പരാമർശത്തെ ചൊല്ലി പ്രതിപക്ഷ ബഹളമുണ്ടായപ്പോൾ സഭയിൽ ചെയറിലുണ്ടായിരുന്ന സിപിഐയുടെ ഇ.കെ വിജയൻ, എം.എം മണിയുടെ പരാമർശം പറയാൻ പാടില്ലാത്തതായിരുന്നെന്ന് അഭിപ്രായപ്പെട്ടു. അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണിയുടെ പരാമർശം പാടില്ലായിരുന്നുവെന്നാണ് മുതിർന്ന സിപിഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചത്. പദവി പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് ഇത് ചെയ്യാമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ മണിയുടെ പ്രസ്‌താവനയിൽ തെറ്റില്ലെന്നാണ് സിപിഎം നേതാക്കൾ പറഞ്ഞത്. മണി മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എ.വിജയരാഘവൻ പ്രതികരിച്ചു.

അതേസമയം രമയെ നിയമസഭയിൽ അധിക്ഷേപിച്ച് പ്രസംഗിച്ചതിൽ ഉറച്ചുനിൽക്കുന്നതായി എം.എം മണി ഇന്ന് പ്രതികരിച്ചിരുന്നു. ഒരു വർഷത്തലേറെയായി രമ മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണെന്ന് പറഞ്ഞ എം.എം മണി തന്റെ പരാമർശത്തിൽ ഖേദമില്ലെന്ന് ആവർത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ കൊലയാളിയാണെന്ന തരത്തിൽ വരെ രമ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്ത് മര്യാദയാണെന്നും മണി ചോദിച്ചു. കെ.കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്തപ്പോൾ ഞങ്ങളാരും പ്രതികരിച്ചില്ല. താൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല. അത് തെറ്റായി തോന്നുന്നത് ദൈവവിശ്വാസികൾക്കാണ്. താൻ ദൈവവിശ്വാസിയല്ല, സഭയിൽ ആർക്കും പ്രത്യേക പദവിയില്ലെന്നും മണി അഭിപ്രായപ്പെട്ടിരുന്നു.