padma

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്മി ടെെറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രമാണ് പത്‌മ. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ താരം പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'അനൂപേട്ടാ, പത്മ അഥവാ പൊട്ടിയാല്‍ ഇങ്ങക്ക് എത്ര റുപ്യ പോകും' എന്ന വ്യത്യസ്‌തമായ പ്രമോ വീഡിയോയിലൂടെ റിലീസിന് മുൻപേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് പത്‌മ. വിവാഹേതര ബന്ധം പ്രമേയമാകുന്ന ചിത്രം, മനഃശ്ശാസ്‌ത്രജ്ഞനായ ഡോക്‌ടർ രവി ശങ്കറിന്റെയും ഭാര്യയായ പത്‌മജയുടെയും കഥയാണ് പറയുന്നത്. ഡോക്‌ടർ രവിയായി എത്തുന്നത് അനൂപ് മേനോനാണ്.

padma

നാട്ടുംപുറത്തെ ജീവിതത്തിൽ നിന്ന് കോഴിക്കോടുകാരിയായ പത്‌മ കൊച്ചിയിലെ തിരക്കുകൾക്കിടയിലേയ്ക്ക് എത്തുന്നു. ഭർത്താവും മകനുമൊപ്പമുണ്ടെങ്കിലും നഗരത്തിലെ ജീവിതരീതികൾ പത്‌മയെ പലപ്പോഴും ഒറ്റയ്‌‌ക്കാക്കുന്നു. രോഗികളുടെ മനസ് കാണുന്ന നല്ലൊരു ഡോക്‌ടറാണെങ്കിലും ഇടയ്‌ക്കെപ്പഴോ ഭാര്യയുടെ ഒറ്റപ്പെടൽ മനസിലാക്കാൻ രവിക്ക് സാധിക്കാതെ വരുന്നു. തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ മുൻനിർത്തിയാണ് കഥ മുന്നോട്ട് പോകുന്നത്.

സിറ്റുവേഷണൽ കോമഡികൾ കൊണ്ട് സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യ പകുതി. പത്‌മജയുടെ മാനസികാവസ്ഥയും ഡോക്‌ടറിന്റെ ട്രീറ്റ്‌മെന്റിനെയും സംയോജിപ്പിച്ച്, പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രണ്ടാം പകുതിയിലേയ്ക്ക് വരുമ്പോൾ ചിലയിടത്ത് ചിത്രം ചെറുതായി ഒന്ന് പതുങ്ങുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ ട്രാക്കിലേയ്ക്ക് തിരികെയെത്തുന്നുണ്ട്. ‌ഫ്ലാഷ്‌ബാക്കിലെ കഥയും രസകരമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചു.

padma

പത്‌മ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സുരഭിയ്‌ക്ക് സാധിച്ചിട്ടുണ്ട്. പത്‌മയെന്ന സ്‌ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ രസച്ചോർച്ചയില്ലാതെ താരം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചു. സിറ്റുവേഷണൽ കോമഡികളിലും സുരഭി മികവ് പുലർത്തി. ഡോക്‌ടർ രവി എന്ന കഥാപാത്രത്തെ അനൂപ് മേനോനും മികച്ചതാക്കി.

ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനികാന്ത്, മാല പാർവതി, മറീന മൈക്കിൾ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കെെകാര്യം ചെയ്‌ത അനൂപ് മേനോൻ സംവിധാനത്തിന് പുറമെ ഈ മേഖലകളും സൂക്ഷമമായി തന്നെ കെെകാര്യം ചെയ്‌തിട്ടുണ്ട്.

padma

ചിത്രത്തിനാവശ്യമായ മൂഡ് ഒരുക്കുന്നതിൽ മഹാദേവൻ തമ്പിയുടെ ഛായാഗ്രഹണവും വിജയിച്ചിട്ടുണ്ട്. അനൂപ് മേനോൻ, ഡോക്ടർ സുകേഷ് എന്നിവരുടെ വരികൾക്ക് നിനോയ് വർഗീസാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ശബ്‌ദത്തിലൂടെ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഒരു അതിഥി താരവും ചിത്രത്തിലുണ്ട്.

ആദ്യാവസാനം മുഴുനീള കോമഡികൾ മാത്രം പ്രതീക്ഷിച്ച് സമീപിക്കേണ്ട ചിത്രമല്ല ഇത്. പാട്ടുകളുടെ അകമ്പടിയോടെ, രസകരമായ മുഹൂർത്തങ്ങളും ഒപ്പം മാനസിക സംഘർഷങ്ങളുമെല്ലാം കഥാപാത്രമായെത്തുന്ന കൊച്ചുചിത്രമാണ് പത്‌മ.