
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് വിചാരണ കോടതിയിൽ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്. എന്നാൽ ശ്രീലേഖയുടെ വെളിപ്പെടുത്തിലന്റെ പ്രാധാന്യമെന്താണ് എന്ന് കോടതി തിരികെ ചോദിച്ചു. കേസിൽ അന്വേഷണ പുരോഗതി ഹൈക്കോടതിയെയും അറിയിച്ച ക്രൈംബ്രാഞ്ച് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളിൽ വ്യക്തത വരുത്താൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും കോടതിയിൽ വ്യക്തമാക്കി.
കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയതിനാൽ തുടരന്വേഷണത്തിന് മൂന്നാഴ്‌ച സമയം വിചാരണകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. മെമ്മറികാർഡിന്റെ ക്ളോൺഡ് കോപ്പി, മിറർ ഇമേജ് എന്നിവ വിചാരണകോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം കേസിൽ സമയപരിധി നീട്ടിനൽകണം എന്ന ഹർജി കോടതി തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി. കേസിൽ തുടരന്വേഷണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശ്രീലേഖയ്ക്കെതിരായ പരാതിയിൽ തൃശൂർ റൂറൽ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസ് വിചാരണ കോടതി ഇനി നാളെയാണ് പരിഗണിക്കുക.