lottery

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് ലോട്ടറിയുടെ പ്രകാശനം നിര്‍വഹിച്ചത്.

മൊത്തം 126 കോടിയുടെ സമ്മാനത്തുകയുമായെത്തുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആകെ 10 സീരിസുകളിലായിട്ടാണ് ഭാഗ്യക്കുറി പുറത്തിറങ്ങുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

സെപ്തംബർ 18നാണ് നറുക്കെടുപ്പ്. ഒന്നാംസമ്മാന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മിഷനുണ്ട്. രാജ്യത്തു തന്നെ ഒറ്റടിക്കറ്റിൽ ഇത്രയും ഉയർന്ന ഒന്നാംസമ്മാനം ആദ്യമാണ്. മൂന്നുവർഷമായി 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം.

മറ്റ് സമ്മാനത്തുകകൾ

രണ്ടാം സമ്മാനം- 5 കോടി

മൂന്നാം സമ്മാനം- 1 കോടി വീതം 10 പേർക്ക്

നാലാം സമ്മാനം- ഒരുലക്ഷം വീതം 90 പേർക്ക്

സമാശ്വാസ സമ്മാനം- 5 ലക്ഷം വീതം 9 പേർക്ക്

അച്ചടിക്കുന്നത് 90 ലക്ഷം ടിക്കറ്റ്

കഴിഞ്ഞവർഷം 54 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. ഇത്തവണ 90ലക്ഷം ടിക്കറ്റ് അച്ചടിക്കും. ആദ്യം 20ലക്ഷം അച്ചടിക്കും. അതിന്റെ വില്പന അനുസരിച്ച് ആവശ്യാനുസരണം വീണ്ടും അച്ചടിക്കും. മൊത്തം 126 കോടിയുടെ സമ്മാനങ്ങളാണെങ്കിലും ടിക്കറ്റ് വില്പന അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.

കറൻസിയുടെ സുരക്ഷ

സമ്മാനത്തുക വർദ്ധിക്കുന്നതിന് അനുസരിച്ച് ടിക്കറ്റിന്റെ സുരക്ഷയും വർദ്ധിപ്പിക്കും. സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ കോപ്പികൾ എടുത്ത് പല വില്പനക്കാർക്ക് നൽകി പണം തട്ടുന്നത് ഒഴിവാക്കാനാണിത്. ഇതിനായി കറൻസിയുടെ സുരക്ഷയാണ്. ടിക്കറ്റിന്റെ പലഭാഗങ്ങളിലായി ഫ്ലൂറസെന്റ് കളറുണ്ടാകും. ഇത് ഫോട്ടോകോപ്പിയിൽ ലഭിക്കില്ല. സുരക്ഷാകോഡും ലേബലും ഉണ്ടാകും. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണിത്.

വലിയ സുരക്ഷയോടെയാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. സമ്മാനത്തുക വിതരണം വേഗത്തിലാക്കും - എബ്രഹാം റെൻ, ഡയറക്ടർ, കേരള ലോട്ടറീസ്