bahubali-thali

1800 രൂപയ്ക്ക് ആഹാരം കഴിച്ചാൽ ഹോട്ടലുടമ ഒരു ലക്ഷം രൂപ സമ്മാനമായി തരും. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. ഹൈദരാബാദിലെ റെസ്റ്റോറന്റിലാണ് ആഹാരപ്രേമികൾക്കായി വമ്പനൊരു ചലഞ്ച് ഒരുക്കിയിരിക്കുന്നത്.

നോൺവെജ്, വെജിറ്റേറിയൻ ഉൾപ്പടെ മുപ്പതോളം വിഭവങ്ങൾ അടങ്ങിയ ബാഹുബലി താളിയിലെ ഭക്ഷണം വെറും അരമണിക്കൂർകൊണ്ട് കഴിച്ചുതീർത്താലാണ് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നത്. ഒരു പ്ളേറ്റിന് 1800 രൂപയാണ് വില. ഹൈദരാബാദിലെ നായിഡു ഗരി കുണ്ഡ ബിരിയാണി (എൻജികെബി) എന്ന റെസ്റ്റോറന്റാണ് ചലഞ്ച് ഒരുക്കിയിരിക്കുന്നത്. കുകട്ട്‌പള്ളി ഹൗസിംഗ് ബോർഡ് കോളനിയിലെ റെസ്റ്റോറന്റിന്റെ പുതിയ ശാഖയിൽ 3000ൽപ്പരം കസ്റ്റമേഴ്‌സ് ‌ചലഞ്ച് പരീക്ഷിച്ചെങ്കിലും ഇതുവരെ രണ്ടുപേർ മാത്രമാണ് ഒരു ലക്ഷം രൂപ സ്വന്തമാക്കിയതെന്ന് റെസ്റ്റോറന്റിന്റെ അധികൃതർ പറയുന്നു.

റെസ്റ്റോറന്റിന്റെ പ്രധാന ശാഖ ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ്. പുതിയ ശാഖയിലെ പ്രധാന വിഭവങ്ങൾ കലം ബിരിയാണിയും ജോയിന്റ് ബിരിയാണിയും ലോലിപോപ്പ് ബിരിയാണിയുമാണ്. ആന്ധ്രാപ്രദേശിൽ മാത്രമായി റെസ്റ്റോറന്റിന് എട്ട് ശാഖകളുണ്ട്.