
കൊല്ലം: മങ്കിപോക്‌സ് ബാധിച്ച രോഗിയുടെ പേരിൽ ഡിഎംഒ ഓഫീസ് പുറത്തിറക്കിയ റൂട്ട്മാപ്പിൽ തെറ്റ് കണ്ടെത്തി. കൊല്ലം ഡിഎംഓ ഓഫീസ് പുറത്തിറക്കിയ ആദ്യത്തെ റൂട്ട്മാപ്പിൽ രോഗം ബാധിച്ച 35കാരൻ പാരിപ്പളളി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കൊല്ലം ജില്ലക്കാരനായ രോഗി ചികിത്സയിലുളളത് തിരുവനന്തപുരത്തെ ഗവ.മെഡിക്കൽ കോളേജിലാണ്.
അബുദാബിയിൽ നിന്നും ഇക്കഴിഞ്ഞ 12ന്എത്തിയ കൊല്ലം ജില്ലക്കാരനാണ് രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മങ്കിപോക്‌സ് ലക്ഷണമുണ്ടെന്ന സംശയത്താൽ ഇദ്ദേഹം ആദ്യമെത്തിയത്. ഇവിടെനിന്നും പാരിപ്പളളി മെഡിക്കൽ കോളേജിലെത്തി സ്രവം പരിശോധനയ്‌ക്കയച്ചു എന്നായിരുന്നു ആദ്യം പുറത്തുവിട്ട റൂട്ട്മാപ്പിൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് കൊല്ലം ജില്ലാ കളക്‌ടർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
രോഗിയെ പാരിപ്പളളി മെഡിക്കൽ കോളേജിൽ കൊണ്ടുപോയ വിവരം തങ്ങൾക്ക് അറിയില്ലെന്ന് അൽപംമുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ കൊല്ലം ഡിഎംഒ ബിന്ദു മോഹൻ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ടാക്‌സിയിൽ രോഗി പോകാനിടയായത് എന്താണെന്നും ആംബുലൻസ് എന്തുകൊണ്ട് ലഭിച്ചില്ല എന്നുമുളള ചോദ്യങ്ങൾക്ക് സ്വകാര്യ ആശുപത്രി ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നാണ് ഡിഎംഒ അറിയിച്ചത്. എന്നാൽ വിവരം കൃത്യമായി ഡിഎംഒ ഓഫീസിനെ അറിയിച്ചെന്നും ഡെപ്യൂട്ടി ഡിഎംഒ മാർഗനിർദ്ദേശം അയച്ചുതന്നതായും സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷയുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയ ടാക്‌സിയുടെയും ഡ്രൈവർമാരെ ഇനിയും കണ്ടെത്താനായിട്ടില്ല. അഞ്ച് ജില്ലകളിൽ അതിജാഗ്രതയാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് റൂട്ട് മാപ്പിലെ തെറ്റ് കണ്ടെത്തിയിരിക്കുന്നത്.