rajapaksa

കൊളംബോ: ആളിക്കത്തിയ ജനരോഷം ഭയന്ന് മാലി വഴി സിംഗപ്പൂരിലേക്ക് ഒളിച്ചോടിയ രാജിവച്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ സഹോദരൻമാരായ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, മുൻ ധനമന്ത്രി ബേസിൽ രാജപക്സ എന്നിവർ ജൂലായ് 28വരെ അനുവാദമില്ലാതെ രാജ്യത്തിന് പുറത്ത് പോകാൻ പാടില്ലെന്ന് ശ്രീലങ്കൻ സുപ്രീംകോടതി ഉത്തരവിട്ടു.

രണ്ട് മുൻ സെൻട്രൽ ബാങ്ക് ഗവർണർമാർ ഉൾപ്പെടെയുള്ള മൂന്ന് മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി

ഇന്നലെ പരിഗണിക്കുകയായിരുന്നു കോടതി.

അതിനിടെ, ഇന്ന് രാവിലെ പാർലമെന്റ് സമ്മേളിക്കുമെന്ന് സ്പീക്കർ മഹിന്ദ യാപ അബെയ്‌വർദ്ധന അറിയിച്ചു. ഇന്നലെ ഗോതബയയുടെ രാജി സ്പീക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് രാജിവച്ചാൽ 7 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. 20 പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. 19ന് നാമനിർദ്ദേശ പത്രിക സ്വീകരിക്കും.

റെനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മുൻ മന്ത്രി ദുല്ലാസ് അല്ലഹപെരുമ, ജെ.വി.പി പാർട്ടി നേതാവ് അനുര കുമാര ദിസ്സനായക എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിൽ റെനിൽ വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് മഹിന്ദയുടെ പാർട്ടി ശ്രീലങ്ക പൊതുജന പെരമുന അറിയിച്ചു.

ആക്ടിംഗ് പ്രസിഡന്റായി അധികാരമേറ്റ് റെനിൽ

പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ സുപ്രീംകോടതി ചീഫ് ജസ്​റ്റിസിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ആക്ടിംഗ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നാലെ പ്രസിഡന്റിനെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന 'ഹിസ് എക്സ‌ലൻസി " എന്ന വാക്ക് അദ്ദേഹം നിരോധിച്ചു. പ്രസിഡന്റിന്റെ പതാക നിറുത്തലാക്കാൻ തീരുമാനിച്ചതായും റെനിൽ പറഞ്ഞു.

ഗോതബയ ഒഴിഞ്ഞെങ്കിലും റെനിലും രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാട് ആവർത്തിച്ച് പ്രസിഡന്റ് ഓഫീസിൽ ഒരുവിഭാഗം പ്രക്ഷോഭകർ തുടരുകയാണ്.