മൂന്ന് വർഷം മുൻപ് എൺപതുകളിലെ തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളുടെ ഒരു കൂട്ടായ്‌മ ചെന്നൈയിൽ കൂടിയിരുന്നു. എന്നാൽ പ്രതാപ് പോത്തനെ അതിലേക്ക് ക്ഷണിച്ചിരുന്നില്ല. എൺപതുകളിൽ തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിന്ന പ്രതാപ് പോത്തൻ അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'എനിക്ക് വ്യക്തിബന്ധങ്ങൾ അധികമില്ല, ചിലപ്പോൾ ഞാനൊരു മോശം നടനും സംവിധായകനുമാകാം. അതുകൊണ്ടാകാം അവരെന്നെ വിളിക്കാത്തത്.'
ഒരിക്കലും ഒരിടത്തും ഇടിച്ചുകയറി അവസരമോ അംഗീകാരമോ ചോദിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല പ്രതാപ് പോത്തൻ. തന്റെ വ്യത്യസ്‌തമായ അഭിനയത്തിലൂടെ മുഖത്തെ നിതാന്തമായ നിഷ്‌കളങ്കതയോടെ സംവിധാന മികവോടെ അദ്ദേഹം എന്നും വേറിട്ടുനിന്നു.എൺപതുകളിലായിരുന്നു തെന്നിന്ത്യൻ ഭാഷകളിൽ പ്രതാപ് പോത്തൻ നിറഞ്ഞുനിന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായിരുന്നു. പിന്നീട്
സിനിമാ ബന്ധം വിട്ടെങ്കിലും കുറച്ചുകാലം മുൻപ് മടങ്ങിയെത്തി.

സിനിമാ കൂട്ടായ്‌മകളിൽ നിന്നും അതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ നിന്നും പ്രതാപ് പോത്തൻ അകന്നുനിന്നിരുന്നു. അത്തരം ഗ്രൂപ്പുകളും പ്രതാപ് പോത്തനിൽ നിന്ന് അകന്നു. ഭരതന്റെ സംവിധാനത്തിൽ ആദ്യ ചിത്രമായ ആരവം, പിന്നീട് തകര, നായകനായ ചാമരം എന്നീ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് അദ്ദേഹം ശ്രദ്ധേയനായി നിലയുറപ്പിച്ചിരുന്നു.