
തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറി അടിച്ചിരുന്നേൽ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവോണം ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. അദ്ധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലായിരുന്നു മന്ത്രിയുടെ കെ എസ് ആർ ടി സി ജീവനക്കാരെ കുറിച്ചുള്ള പരാമർശം.
ചടങ്ങിൽ അതിഥികളെ സ്വാഗതം ചെയ്തപ്പോൾ ഓരോ പുസ്തകം ഉപഹാരമായി നൽകിയിരുന്നു. എന്നാൽ പുസ്തകം വേണ്ടായിരുന്നു പകരം ലോട്ടറി ടിക്കറ്റ് മതിയായിരുന്നെന്ന് താൻ ധനമന്ത്രിയോട് പറഞ്ഞെന്നും എന്നാൽ ലോട്ടറി തന്നാൽ പിന്നെ തന്നെ ചടങ്ങിന് കിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞതായി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പുസ്തകത്തിന് പകരം ലോട്ടറി ടിക്കറ്റ് നൽകിയിരുന്നെങ്കിൽ ആ തുക വച്ച് കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം എങ്കിലും നൽകാമായിരുന്നെന്ന് മന്ത്രി സൂചിപ്പിച്ചു.
സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇക്കൊല്ലത്തെ ഓണം ഭാഗ്യക്കുറി എത്തുന്നത്,. ഒന്നാം സമ്മാനാർഹന് ലഭിക്കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപ 90 പേര്‍ക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില.