sri-lanka

തിരുവനന്തപുരം: ആഭ്യന്തര പ്രശ്നവും ഇന്ധനക്ഷാമവും കാരണം പൊറുതിമുട്ടുന്ന ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ധനം നിറയ്ക്കാൻ ആശ്രയിക്കുന്നത് കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തെ. ശ്രീലങ്കയിൽ നിന്നും ഏറ്റവും അടുത്ത വിമാനത്താവളം എന്ന നിലയ്ക്കാണ് അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തെ ശ്രീലങ്കൻ വിമാനങ്ങൾ ആശ്രയിക്കുന്നത്. ഇതുവരെ 101 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്നും തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ചത്.

ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങൾക്കു പുറമേ ഫ്ലൈ ദുബായിയുടെ 11, എയർ അറേബ്യ 10, ഒമാൻ എയർ 9, ഗൾഫ് എയർ 6 എന്നീ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളാണിവ.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കു പുറമേ, ഓസ്ട്രേലിയയിലെ മെൽബൺ, സിഡ്നി, ഫ്രാൻസിലെ ഫ്രാങ്ക്ഫട്ട്, പാരീസ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങളും ഇന്ധനം നിറയ്ക്കാനായി ഇവിടെ എത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കയിലെത്തിയ ശേഷമാണ് ഈ വിമാനങ്ങൾ തലസ്ഥാനത്ത് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതുവരെ 5,000 കിലോലീറ്റർ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) ആണ് വിമാനങ്ങളിൽ നിറച്ചത്.