juby

കൊച്ചി: ദേശീയ ഹൈജംപ് താരം പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) ബസി​ടി​ച്ച് മരി​ച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ചീഫ് ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടറായിരുന്നു. 1999ലെ ദക്ഷിണ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിട്ടുണ്ട്. ഇന്നലെ രാവിലെ 8.20ന് മുളന്തുരുത്തി​ പുളിക്കമ്യാലി പൈങ്ങാരപ്പി​ള്ളി​ വളവി​ൽ ജൂബി​യുടെ ബൈക്ക് പി​ന്നാലെവന്ന മൂവാറ്റുപുഴ - എറണാകുളം റൂട്ടിൽ ഓടുന്ന എഡേസ ബസ്

ഇടി​ച്ചു തെറി​പ്പി​ക്കുകയായി​രുന്നു. പി​റവത്തെ വീട്ടി​ൽ നി​ന്ന് തൃപ്പൂണി​ത്തുറയി​ലേക്ക് വരി​കയായി​രുന്നു ജൂബി​ തോമസ്.

ഗുരുതരമായി​ പരി​ക്കേറ്റ ഇദ്ദേഹത്തെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മുളന്തുരുത്തി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി ആംബുലൻസിൽ തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​യിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. അപകടം നടന്ന ശേഷവും സർവീസ് നടത്തിയ ബസ് മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തി​ന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വി​ട്ടുകൊടുത്തു. സംസ്കാരം ഞായർ ഉച്ചകഴിഞ്ഞ് 3ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.

പി.ജെ. തോമസ് - അമ്മിണി ദമ്പതികളുടെ മകനാണ് ജൂബി തോമസ്. ഭാര്യ: പിങ്കി ( പേരൂർ വാര്യകാട്ട് കുടുംബാംഗം) മക്കൾ: അലോന , അലീഷ, അൽഫോൻസ.