
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ച് റോഡിലേക്ക് വീണു. എറണാകുളം കുന്നത്തുനാട് പള്ളിക്കരയിൽ വൈകിട്ട് നാലരയ്ക്കാണ് സംഭവം. അപകടത്തിൽപ്പെട്ട രണ്ടാം ക്ളാസ് വിദ്യാർത്ഥി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസിന്റെ മുൻവശത്തുള്ള എമർജൻസി ഡോർ വഴിയാണ് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണത്. സംഭവത്തെതുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സ്കൂൾ ബസിന്റെ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ആയ ഉണ്ടായിരുന്നെങ്കിലും കുട്ടി ഇരുന്നത് മുൻഭാഗത്തായിരുന്നു. കുട്ടിക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉള്ളത്. സംഭവത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ആരക്കുന്നം സ്വദേശി ബൈജുവിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ ആർ ടി ഒ എത്തി വാഹനം വിശദമായി പരിശോധിച്ചു. ബൈജുവിന്‍റെ ലൈസൻസ് മൂന്ന് മാസത്തെക്ക് സസ്പെൻഡ് ചെയ്തു. കൂടുതൽ പരിശോധനക്കായി വാഹനം കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച സ്കൂളിലെ മുഴുവൻ ബസുകളും പരിശോധിക്കുമെന്ന് ആർ ടി ഒ വ്യക്തമാക്കി.