
ന്യൂഡൽഹി: പുരുഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ദീർഘകാലം കഴിഞ്ഞതിന് ശേഷം ബന്ധം മുറിയുമ്പോൾ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. വിവാഹിതരാകാതെ നാല് വർഷം ഒന്നിച്ച് താമസിച്ച് ഒരു കുട്ടിയുണ്ടായശേഷം, വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് കാട്ടി യുവതി നൽകിയ പീഡന പരാതിയിൽ രാജസ്ഥാൻ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
'വിവാഹിതയായ പരാതിക്കാരി ഈ ബന്ധം സ്വന്തം ഇഷ്ടപ്രകാരം തുടങ്ങിയതാണ്. അന്നവർക്ക് 21 വയസുണ്ടായിരുന്നു. നാല് വർഷത്തിന് ശേഷം ബന്ധം തകർന്നപ്പോൾ സെക്ഷൻ 376 (2) (എൻ) പ്രകാരം പീഡനക്കുറ്റത്തിന് എഫ്.ഐ.ആർ ഇടുന്നതിന് ഒരു അടിസ്ഥാനവുമില്ല'- കോടതി നിരീക്ഷിച്ചു. ഇത് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനുവേണ്ടിയുള്ള നിരീക്ഷണങ്ങൾ മാത്രമാണെന്നും ഇത് കേസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്‌ത, വിക്രം നാഥ് എന്നിവരുടെ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിയുടെ മുൻകൂർ ജാമ്യഹർജി തള്ളിയ രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.വിവാഹവാഗ്‌ദാനം നൽകിയാണ് പ്രതി പരാതിക്കാരിയുമായി ബന്ധം പുലർത്തിയതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.