rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയാണ്. കേരളത്തിലിന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അറബിക്കടലിലെ ഇരട്ടന്യൂനമർദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം.

എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.

വടക്കൻ ജില്ലകളിലാണ് കൂടുതലും മഴ ശക്തമാകുന്നത്. വയനാട്ടിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ യോഗം ചേരും.

അതേസമയം,സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റുവീശുന്നത് അപൂർവ പ്രതിഭാസമാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു. കോഴിക്കോട്ടും കോതമംഗലത്തും അനുഭവപ്പെട്ട കാറ്റിന് തീവ്രത കൂടുതലായിരുന്നെന്നും വിദഗ്ദ്ധ‌ർ അഭിപ്രായപ്പെട്ടു. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെയായിരുന്നു കാറ്റിന്റെ വേഗത. കാലാവസ്ഥാ വ്യതിയാനം മൂലം മേഘങ്ങളുടെ ഘടനയിൽ വന്ന മാറ്റമാണ് അപൂർവ പ്രതിഭാസത്തിന് കാരണമെന്നാണ് വിശദീകരണം. സമീപകാലത്തായി ഇത്തരം ചുഴികൾ വ‌ർദ്ധിച്ചുവരികയാണെന്നും ഇക്കാര്യം കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.