monkey-pox

തിരുവനന്തപുരം: മങ്കിപോക്സ് ബാധിതൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. രോഗി കൊല്ലം കെ എസ് ആർ ടി സി പരിസരത്ത് നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ടാക്സിയിലാണ് എത്തിയത്. പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് ടാക്സി ഡ്രൈവറെ തിരിച്ചറിയാൻ സാധിച്ചത്.


മങ്കിപോക്‌സ് ബാധിതൻ സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ദുബായിൽ നിന്ന് എത്തിയ യുവാവ് കൊല്ലത്തെ എൻ എസ് സഹകരണ ആശുപത്രിയിൽ വന്നതും തിരികെ പോയതും വ്യത്യസ്ത ഓട്ടോകളിലാണ്.


അതേസമയം രോഗിയെ പരിപാലിച്ച രീതിയിൽ വീഴ്ച പറ്റിയെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പെന്നാണ് സൂചന. രോഗിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഡി എം ഒ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവ് നാട്ടിലെത്തിയത്.