
പൂനെ: മസ്തിഷ്ക മരണം സംഭവിച്ച യുവതി പുനർജീവൻ നൽകിയത് രണ്ട് സൈനികർ ഉൾപ്പെടെ അഞ്ച് പേർക്ക്. കണ്ണ്, കരൾ, വൃക്ക എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. പൂനെയിലെ കമാന്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി.
അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് അവയവദാനം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഉടൻ തന്നെ സോണൽ ട്രാൻസ്‌പ്ലാന്റ് കോർഡിനേഷൻ സെന്ററിലെ വിദഗ്ദ്ധർ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. വൃക്കകൾ രണ്ട് സൈനികർക്ക് നൽകി. കണ്ണുകൾ സി എച്ച് ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിലെ ഐ ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. കരൾ പൂനെ റൂബി ഹാൾ ക്ലിനിക്കിൽ കഴിയുന്ന രോഗിക്ക് നൽകി. പ്രിയപ്പെട്ട ഒരാളുടെ വേർപാടിനിടയ്ക്കും അവയവദാനത്തിനുള്ള തീരുമാനമെടുത്ത കുടുംബം അഞ്ച് പേരുടെ ജീവിതമാണ് രക്ഷിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.