amala-anu

കൊല്ലം: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബറുടെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു. കിളിമാനൂർ സ്വദേശിനി അമല അനുവാണ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറുകയും ഹെലി കാമറ ഉപയോഗിച്ച് പ്രകോപിപ്പിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്‌തത്.

കിളിമാനൂരിൽ നിന്ന് തന്നെയാണ് അമലയുടെ കാർ കസ്റ്റഡിയിലെടുത്തത്. യുവതി ഇപ്പോഴും ഒളിവിലാണ്. കിളിമാനൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് അന്വേഷണ സംഘം എത്തിയെങ്കിലും അവിടെനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ പിടിച്ചെടുക്കുകയായിരുന്നു.

കിളിമാനൂരില്‍ നിന്ന് പാലക്കാടുള്ള സുഹൃത്തിന്റെ അടുത്തേക്ക് അമല പോയെങ്കിലും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അറിഞ്ഞതോടെ അവിടെ നിന്നും മുങ്ങി. എട്ട് മാസം മുമ്പാണ് യുവതി വനത്തിനുള്ളിൽ നിന്നുള്ള വീഡിയോ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വനംവകുപ്പ് കേസെടുത്തത്.