
തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ എം എം മണിയ്ക്കെതിരെ കെ കെ രമ എം എൽ എ. കെ കെ രമയെ പിന്തുണച്ചതിനാണ് ആനി രാജയ്ക്കെതിരെ മണി മോശം പരാമർശം നടത്തിയത്. മണിയെ പോലെയുള്ള നേതാക്കൾ എത്ര കിട്ടിയാലും പഠിക്കില്ലെന്നും ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണെന്നും കെ കെ രമ പറഞ്ഞു.
'ഇത്തരം മോശം പ്രസ്താവനകൾ പാർട്ടിയെയാണ് ബാധിക്കുന്നതെന്ന് എം എം മണി മനസിലാക്കുന്നില്ല. ഇതിനെ കുറേ ആളുകൾ ന്യായീകരിക്കുകയാണ്. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. ആ ആർജവത്തോടുകൂടി അവർ പറഞ്ഞതാണ് എം എം മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സിപിഎമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എത്രകാലമായി എം എം മണി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നു. പാർട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോദിക്കുന്നത്. നാടൻ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാർട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് ശരിയാണോ?. ഇവരെ നിയന്ത്രിക്കാൻ സിപിഐഎം തയ്യാറായില്ലെങ്കിൽ അവർക്ക് വലിയ അധപ്പതനമാകും ഉണ്ടാവുക'- കെ കെ രമ പറഞ്ഞു.
അതേസമയം, കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നാണ് മണി വ്യക്തമാക്കിയത്. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. 'അവർ ഡൽഹിയിൽ അല്ലേ ഉണ്ടാക്കൽ, സിപിഐയുടെ പരാമർശം കാര്യമാക്കുന്നില്ല', എന്നുമാണ് ഇന്നലെ തൊടുപുഴയിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ മണി നടത്തിയ പരാമർശം.