
ലക്നൗ: മാളിനുള്ളിൽ മതപരമായ പ്രാർത്ഥനകൾക്ക് അനുവാദമില്ലെന്ന ബോർഡുമായി ലുലുമാൾ അധികൃതർ. ലക്നൗവിലെ മാളിനുള്ളിൽ ചില വിശ്വാസികൾ നമസ്കാരം നടത്തുന്നു എന്നപേരിൽ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ഇത് വൻ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാളിനുള്ളിൽ മതപരമായ പ്രാർത്ഥനകൾ അനുവദനീയമല്ലെന്ന ബോർഡ് സ്ഥാപിച്ചത്.
"ലുലു മാൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങളും പ്രാർത്ഥനകളും ഇവിടെ അനുവദനീയമല്ല. അത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഞങ്ങളുടെ ഫ്ലോർ സ്റ്റാഫിനെയും സെക്യൂരിറ്റി സ്റ്റാഫിനെയും പരിശീലിപ്പിക്കും എന്നാണ് മാളിന്റെ ജനറൽ മാനേജർ സമീർ വെർമ അറിയിച്ചത്.
നമസ്കാരത്തിന്റെ വീഡിയോ വൈറലായതോടെ മാളിനെതിരെ പ്രതിഷേധവുമായി ഹിന്ദു മഹാസഭ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തുകയും മാൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമെന്നോണം മാളിന്റെ പ്രവേശന കവാടത്തിനരികിൽ വച്ച് രാമായണം പരായണം ചെയ്യാൻ ശ്രമിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാളിന് സുരക്ഷയും കൂട്ടിയിട്ടുണ്ട്.