
തൊടുപുഴ: കെ കെ രമ എം എൽ എയെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മണിയുടെ അധിക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണെന്നും രമയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദഹം ആരോപിച്ചു.
'വിധവ എന്നൊരു വാക്ക് പോലും ഉപയോഗിക്കാൻ പാടില്ലാത്ത കാലമാണ്. എന്നിട്ടാണ് ഇത്തരമൊരു പരാമർശം. സിപിഎമ്മിനും മുഖ്യമന്ത്രിക്കും കൊന്നിട്ടും തീരാത്ത പകയാണ്. അമ്പത്തിയൊന്ന് വെട്ട് വെട്ടി കൊന്നിട്ടും തീരാത്ത പക ചന്ദ്രശേഖരന്റെ സഹധർമ്മിണിയോട് കാണിക്കുന്നു എന്നതാണ്. നാല് ചുറ്റും കാവൽ നിന്ന് ഞങ്ങൾ അവരെ സംരക്ഷിക്കും. ചന്ദ്രശേഖരന്റെ പ്രിയ പത്നിയാണെങ്കിൽ, കേരളത്തിന്റെ പ്രിയ പുത്രിയാണ് കെ കെ രമ. വേട്ടയാടുന്നവരിൽ നിന്നും യു ഡി എഫ് അവരെ രക്ഷിക്കും.'- വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിൽ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ നാക്കുപിഴയില്ലെന്ന് എം.എം. മണി നേരത്തെ പ്രതികരിച്ചിരുന്നു. പറഞ്ഞത് മുഴുവനാക്കാൻ സമ്മതിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താൻ പറഞ്ഞതെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം.