
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലെ പ്രേരകശക്തി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. അഹമ്മദ് പട്ടേൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ അസ്ഥിരപ്പെടുത്താനും മോദിയെ രാഷ്ട്രീയമായി തകർക്കാനും പ്രവർത്തിച്ച മാദ്ധ്യമം മാത്രമാണെന്നും പാർട്ടി വക്താവ് സംബിത് പാത്ര വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സോണിയാ ഗാന്ധി ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായും മുപ്പതുലക്ഷം രൂപ തീസ്ത സെതല്‍വാദിന് പട്ടേല്‍ എത്തിച്ച് നല്‍കിയെന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിൽ ആരോപിച്ചിരുന്നു. ടീസ്തയുടെ ജാമ്യഹർജിയെ കോടതിയിൽ എതിർക്കുമ്പോഴായിരുന്നു ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന സത്യവാങ്മൂലം നൽകിയത്.
അതേസമയം, ആരോപണങ്ങളോട് രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് പ്രതികരിച്ചത്.'കലാപക്കേസിൽ നിന്ന് കൈകഴുകാൻ മോദി തയ്യാറാക്കിയ തിരക്കഥയാണ് ഗുജറാത്ത് പൊലീസിന്റെ വെളിപ്പെടുത്തൽ. മരിച്ചവരെപ്പോലും രാഷ്ട്രീയ പ്രതികാരത്തിൽ നിന്ന് ഒഴിവാക്കുന്നില്ല. പ്രത്യേക അന്വേഷണ സംഘം മോദിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.പട്ടേലിനെതിരായ ആരോപണങ്ങളിൽ അല്പംപോലും വാസ്തവം ഇല്ല- കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് മോദിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ടീസ്തയെയും മുൻ ഐ പി എസ് ഉദ്യോഗസ്ഥരായ ആർ ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അടുത്തിടെ അറസ്റ്റുചെയ്തിരുന്നു. പ്രതികാര നടപടിയാണെന്ന് ഇതെന്ന് വ്യാപക ആരോപണമുയർന്നിരുന്നു.