
തൊടുപുഴ: മുതിർന്ന നേതാവ് ആനി രാജയ്‌ക്കെതിരെ മുൻമന്ത്രി എം.എം മണി നടത്തിയ പരാമർശത്തിന് മറുപടിയുമായി സി.പി.ഐ. നിയമസഭയിൽ കെ.കെ രമ എം.എൽ.എയ്‌ക്കെതിരായ വിവാദപരാമർശങ്ങളിൽ വിമർശിച്ച സി.പി.ഐ നേതാവ് ആനി രാജയ്‌ക്ക് എം.എം മണി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. കേരളനിയമസഭയിൽ നടക്കുന്ന പ്രശ്‌നങ്ങൾ ഡൽഹിയിൽ പ്രവർത്തിക്കുന്ന ആനി രാജ എങ്ങനെയറിയാനാണെന്ന് എം എം മണി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിയെ വിമർശിച്ച് സി.പി.ഐയും രംഗത്തെത്തിയത്.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ ചോദിച്ചു. മണിയുടേത് പുലയാട്ട് ഭാഷയാണെന്നും നാട്ടുഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു. മണിയെ സി.പി.എം തിരുത്തണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.
‘ഡൽഹി കേന്ദ്രീകരിച്ചാണ് ആനി രാജ പ്രവർത്തിക്കുന്നത്. ആനി രാജ ഡൽഹിയിൽ അല്ലേ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. അവരും ഡൽഹിയില്‍ അല്ലേ. വനിതാ നേതാക്കളെക്കുറിച്ച് വളരെ മോശം പരാമർശങ്ങൾ മണി പലപ്പോഴും നടത്തിയിട്ടുണ്ട്. ഒരാളുടെ വാക്കുകൾ സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ്. പുലയാട്ട് ഭാഷ മണി നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു’– കെ.കെ ശിവരാമൻ പറഞ്ഞു.
ഇതിനിടെ ആനി രാജയ്‌ക്കെതിരായ പരാമർശത്തിലെ പ്രതിഷേധം കേരള മഹിളാസംഘം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സി.പി.ഐ നേതൃത്വത്തെ അറിയിക്കുമെന്ന് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി.വസന്തം പറഞ്ഞു. സ്ത്രീകളെക്കുറിച്ച് എന്തും പറയാമെന്നും അങ്ങനെ പറഞ്ഞ് അവരുടെ വായ അടപ്പിക്കാമെന്നുമുള്ള ധാരണ ആർക്കും നല്ലതല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ആനി രാജയ്ക്കെതിരെ മണി നടത്തിയ പരാമർശം അപലപനീയമെന്ന് എ.ഐ.വൈ.എഫും പറഞ്ഞു.
അതേസമയം, എം.എം മണിയുടെ പരാമർശങ്ങളിൽ പ്രതികരിച്ച് ആനി രാജ തന്നെ രംഗത്തെത്തിയിരുന്നു. 'സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും ഡൽഹിയിലായാലും വിദേശത്തായാലും അത് ചെയ്യുമെന്നും ആനി രാജ പറഞ്ഞു. കേരളം എന്റെ നാടാണ്. ആർ എസ് എസിന്റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് മുന്നോട്ടുപോകുന്നത്. അവഹേളനം ശരിയോ എന്നത് മണി ഉൾപ്പെടുന്ന രാഷ്ട്രീയം ആലോചിക്കണം. ഭീഷണിയ്ക്ക് വഴങ്ങില്ല.നരേന്ദ്ര മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ല'- ആനി രാജ പറഞ്ഞു.
കെ കെ രമ വിധവയായത് അവരുടെ വിധിയാണെന്നായിരുന്നു എം എം മണി നിയമസഭയിൽ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധമുയർത്തുകയാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം മുതിർന്ന നേതാക്കൾ മണിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.