
കോയമ്പത്തൂർ: ഓൺലൈൻ റമ്മി ഗെയിമിന് അടിമപ്പെട്ട പൊലീസുകാരൻ സ്വയം വെടിവച്ച് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ കാളിമുത്തു(29)ആണ് മരിച്ചത്. ഓൺലൈൻ റമ്മി ഗെയിമിന് അടിമപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാളിമുത്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഗെയിമിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും 20 ലക്ഷത്തിലധികം രൂപ ഇയാൾ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ.
കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പ്രദർശന മേളയ്ക്കിടെയായിരുന്നു സംഭവം. പ്രദർശനത്തിൽ ആയുധങ്ങൾ വച്ചിരുന്ന സ്റ്റാളിലായിരുന്നു കാളിമുത്തുവിന്റെ ഡ്യൂട്ടി. മറ്റ് ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി കാളിമുത്തു പ്രദർശനത്തിനു വച്ചിരുന്ന തോക്കെടുത്ത് സ്വയം വെടിവയ്ക്കുകയായിരുന്നു. ബുള്ളറ്റ് വയറിലൂടെ കടന്ന് മുതുകിലൂടെ പുറത്തേയ്ക്ക് വന്നതായി കോയമ്പത്തൂർ സിറ്റി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ സഹപ്രവർത്തകർ രക്തത്തിൽ കുളിച്ചുകിടക്കുന്ന കാളിമുത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട് വിരുദുനഗർ സ്വദേശി സലായ് ആണ് കാളിമുത്തുവിന്റെ ഭാര്യ. നാലും മൂന്നും വയസായ രണ്ട് കുട്ടികളും ഉണ്ട്.